വാഷിംഗ്ടണ്‍ : വ്യാപാരയുദ്ധം പ്രഖ്യാപിച്ച് തീരുവ കൂട്ടി ലോകരാജ്യങ്ങളെ ഭയപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപണി കൊടുത്ത് ചൈന രംഗത്ത്. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 10% തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്കുതൊട്ടുപിന്നാലെ, നിരവധി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ താരിഫ് ചുമത്തിയാണ് ചൈന തിരിച്ചടിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും ജ്വലിപ്പിക്കുന്നത് ആശങ്കയിക്കിടയാക്കുന്നുണ്ട്. യുഎസില്‍ നിന്നുള്ള കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്ക് 15% ഇറക്കുമതി തീരുവയും , എണ്ണ, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയ്ക്ക് 10% തീരുവയും ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചു.
മാത്രമല്ല, വിശ്വാസലംഘനങ്ങള്‍ ആരോപിച്ച് യുഎസ് ടെക് ഭീമനായ ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ടങ്സ്റ്റന്‍ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോര്‍പറേഷന്‍, കാല്‍വിന്‍ ക്ലെയിന്‍, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയില്‍ പെടുത്താനും ചൈന തീരുമാനിച്ചു.