
ബെയ്ജിംഗ്: ആണവായുധമല്ലാത്ത ഹൈഡ്രജന്‍ ബോംബിന്‍റെ (നോണ്‍ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബ്) പരീക്ഷണവുമായി ചൈന. ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ആയുധം വികസിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ. പരമ്പരാഗത ഹൈഡ്രജന്‍ ബോംബുകളെ അപേക്ഷിച്ച് സ്‌ഫോടനത്തിന് ആണവോര്‍ജമല്ല ഇതിൽ ഉപയോഗിക്കുന്നത്.
പകരം മഗ്നീഷ്യം ഹൈഡ്രൈഡ് എന്ന രാസവസ്തു ഉപയോഗിച്ചാണ് ബോംബ് വികസിപ്പിച്ചത്. വാതകാവസ്ഥയില്‍ സംഭരിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ഹൈഡ്രജന്‍ സംഭരിക്കാനുള്ള ശേഷി മഗ്നീഷ്യം ഹൈഡ്രൈഡിനുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ബോംബ് ഡിറ്റണേറ്റ് ചെയ്തുകഴിഞ്ഞാല്‍ ഇതിലെ മഗ്നീഷ്യം ഹൈഡ്രൈഡ് വളരെ പെട്ടെന്ന് വിഘടിക്കാന്‍ തുടങ്ങും.
ഇങ്ങനെ ചെയ്യുമ്പോള്‍ അതിഭീമമായ താപം ഇത്പാദിപ്പിക്കുന്നതിനൊപ്പം രാസപ്രവര്‍ത്തനത്തിന്റെ ഉപഫലമായി ഹൈഡ്രജന്‍ വാതകവും പുറത്തുവരും. ഇങ്ങനെ പുറത്തുവരുന്ന ഹൈഡ്രജന്‍ വാതകത്തിന് തീപിടിക്കുന്നതോടെ താപം അതിഭീമമായി വര്‍ധിക്കുകയും 1000 ഡിഗ്രിക്ക് മുകളിലേക്ക് ഉയരുകയും ചെയ്യും. ബോംബ് ഡിറ്റണേറ്റ് ചെയ്ത് വെറും രണ്ട് സെക്കന്‍ഡിനുള്ളില്‍ ഇത്രയും കാര്യങ്ങള്‍ സംഭവിക്കുമെന്നതാണ് ഇതിനെ അപകടകരമാക്കുന്നത്. ടിഎന്‍ടി സ്‌ഫോടനത്തേക്കാള്‍ 15 മടങ്ങ് അപകടകാരിയാണ് ചൈനയുടെ പുതിയ ബോംബ്. ഈ ബോംബ് യുദ്ധഭൂമിയില്‍ പ്രയോഗിക്കപ്പെട്ടാല്‍ സെക്കന്‍ഡുകള്‍ കൊണ്ട് വലിയ താപംപുറത്തുവിട്ട് വന്‍നാശനഷ്ടമുണ്ടാക്കും. അത് സഹിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കില്ല.