
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പ്രതിസന്ധി വർധിക്കുന്നതിനിടെ, യുഎസ് സിനിമകൾ രാജ്യത്തേക്ക് എത്തുന്നത് ചെയ്യുന്നത് “മിതമായി കുറയ്ക്കാൻ” ചൈന. ചൈനയുടെ ഫിലിം അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ 125 ശതമാനമായി ഉയർത്തിയിരുന്നു. ഇതിന് മറുപടിയായി ചൈന 84 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.
വ്യാപാര യുദ്ധത്തിന്‍റെ ഫലങ്ങൾ ലോകത്തിലെ രണ്ടാമത്തെ വലിയതും ലാഭകരവുമായ ചൈനീസ് സിനിമ വിപണിയിലേക്കും വ്യാപിച്ചിട്ടുണ്ട്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ വിവേചനരഹിതമായ തീരുവ ചുമത്തുന്ന യുഎസ് സര്‍ക്കാരിന്‍റെ തെറ്റായ നടപടി, ആഭ്യന്തര പ്രേക്ഷകർക്ക് അമേരിക്കൻ സിനിമകളോടുള്ള നല്ല മതിപ്പ് കൂടുതൽ കുറയ്ക്കാൻ ഇടയാക്കുമെന്ന് എന്ന് ഫിലിം അഡ്മിനിസ്ട്രേഷന്റെ പ്രസ്താവനയിൽ പറയുന്നു.
ഞങ്ങൾ കമ്പോള നിയമം പിന്തുടരുകയും പ്രേക്ഷകരുടെ തിരഞ്ഞെടുപ്പിനെ മാനിക്കുകയും യുഎസ് സിനിമകളുടെ ഇറക്കുമതിയുടെ എണ്ണം മിതമായി കുറയ്ക്കുകയും ചെയ്യും. ബീജിംഗ് ഇതിനോടകം തന്നെ ക്വാട്ട സമ്പ്രദായത്തിലൂടെ വിദേശ സിനിമകൾ പ്രദർശിപ്പിക്കുന്നതിന്‍റെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. എങ്കിലും, ചൈനീസ് വിപണിയുടെ വലിയ വലുപ്പം കാരണം, പരിമിതമായ പ്രവേശനത്തിൽ കൂടുതൽ നഷ്ടപ്പെടുന്നത് പോലും യുഎസ് സ്റ്റുഡിയോകൾക്ക് തിരിച്ചടിയാകും.