
വാഷിംഗ്ടൺ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ, വാഷിംഗ്ടണുമായുള്ള ഇടപാടുകളുടെ തന്ത്രം മാറ്റി ചൈന. ട്രംപ് ഭരണകൂടത്തെ ലക്ഷ്യമിടുന്നതിനു പകരം ചൈന ഇപ്പോൾ അമേരിക്കൻ പൊതുജനങ്ങളിലേക്ക് നേരിട്ട് സന്ദേശം എത്തിക്കാൻ ശ്രമത്തിലാണ്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചുമത്തിയ താരിഫുകൾ വിദേശ സമ്പദ്‌വ്യവസ്ഥകളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ എന്നും ആഭ്യന്തരമായി യാതൊരു പ്രത്യാഘാതവും ഉണ്ടാക്കുന്നില്ലെന്നുമുള്ള അമേരിക്കക്കാർക്കിടയിലെ പ്രചാരത്തിലുള്ള ധാരണയെ ചോദ്യം ചെയ്യാനുള്ള പരിശ്രമങ്ങളാണ് ചൈന നടത്തുന്നത്.
ഇതിന്‍റെ ഭാഗമായി ഒരു യുഎസ് ഇറക്കുമതിക്കാരൻ ആണെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ വീഡിയോ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് എക്സിൽ പോസ്റ്റ് ചെയ്തു. ഈ വ്യക്തി അമേരിക്കൻ പൊതുജനങ്ങളെയും പ്രത്യേകിച്ച് ട്രംപിനെ പിന്തുണയ്ക്കുന്നവരെയും അഭിസംബോധന ചെയ്യുന്നു. ട്രംപിന്റെ ആക്രമണാത്മക വ്യാപാര നയങ്ങളുടെ ഭാരം സാധാരണ പൗരന്മാർക്കാണ് – വിദേശ രാജ്യങ്ങൾക്കല്ല – അനുഭവിക്കേണ്ടി വരികയെന്നും ഇത് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില വർദ്ധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് ഭാരമാവുകയും ചെയ്യുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
“വിദേശ രാജ്യങ്ങളാണോ താരിഫ് നൽകുന്നത്? അല്ല – യുഎസ് സ്ഥാപനങ്ങളാണ് നൽകുന്നത്, എന്നിട്ട് അതിന്റെ ചെലവ് നിങ്ങളിലേക്ക് മാറ്റുന്നു. താരിഫുകൾ ഉത്പാദനം തിരികെ കൊണ്ടുവരില്ല. അവ അമേരിക്കക്കാർക്കുള്ള ഒരു നികുതി മാത്രമാണ്,” മാവോ പോസ്റ്റിന് അടിക്കുറിപ്പും നൽകി.