
വാഷിംഗ്ൺ: താരിഫിൽ തുടങ്ങിയ അമേരിക്ക – ചൈന വ്യാപാരയുദ്ധം ഓരോ ദിവസവും കടുക്കുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ നയങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കാൻ എത്തിയപ്പോൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ധരിച്ച വസ്ത്രം ചൈനീസ് നിർമിതമാണ് എന്നാണ് പുതിയ കണ്ടെത്തല്‍. ചൈനീസ് വെബ്സൈറ്റിൽ സമാനമായ വസ്ത്രം വിൽപ്പയ്ക്ക് വച്ചിട്ടുള്ളതിന്‍റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചാണ് സോഷ്യല്‍ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നത്.
ട്രംപ് ഭരണകൂടത്തിന്‍റെ വാചകമടിയും ദൈനംദിന യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്തോനേഷ്യയിൽ ചൈനീസ് കോൺസുൽ ജനറലായ നയതന്ത്ര ഉദ്യോഗസ്ഥൻ ജാങ് ഷിഷെങ് ആണ് ആദ്യം ഇക്കാര്യം ഉയര്‍ത്തിവിട്ടത്. ചൈനീസ് ലെയ്‌സ് കൊണ്ട് നിർമ്മിച്ച വസ്ത്രം ധരിച്ചതിന് ലീവിറ്റിനെ വിമർശിക്കുകയായിരുന്നു ഷിഷെങ്. ചൈനയെ കുറ്റപ്പെടുത്തുന്നത് അവരുടെ ബിസിനസാണ്. എന്നാൽ, ചൈനയിൽനിന്ന് വാങ്ങുന്നതാണ് അവരുടെ ജീവിതം -ഷിഷെങ് എക്സിൽ കുറിച്ചു.
ഇതിന് പിന്നാലെ ലീവിറ്റിന്‍റെ വസ്ത്രത്തിലെ ലെയ്‌സ് താൻ ജോലി ചെയ്യുന്ന ചൈനയിലെ മാബുവിലുള്ള ഫാക്ടറിയിൽ നിന്നുള്ളതാണെന്ന് ഒരാൾ കമന്‍റ് ചെയ്തു. ചൈനയെ പരസ്യമായി വിമർശിക്കുമ്പോൾ ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങൾ ധരിക്കുന്നതിനെ കുറിച്ചാണ് ചോദ്യങ്ങൾ ഉയരുന്നത്. ഡോണൾഡ് ട്രംപിന്‍റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ)’ എന്ന മുദ്രാവാക്യം പ്രിന്‍റ് ചെയ്ത തൊപ്പി, ടീഷർട്ട് തുടങ്ങിയ ഉൽപന്നങ്ങൾ വരെ എല്ലാം ചൈനീസ് നിർമിതമാണ് വിപണിയിലുള്ളതെന്നും പലരും അഭിപ്രായപ്പെടുന്നു.