വാഷിംഗ്ടണ്‍: സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോയിമിനെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് (ഡിഎച്ച്എസ്) നയിക്കാന്‍ യുഎസ് സെനറ്റ് ശനിയാഴ്ച ഔദ്യോഗികമായി തീരുമാനിച്ചു. മുന്‍ ഫോക്സ് ന്യൂസ് സഹ-അവതാരകന്‍ പീറ്റ് ഹെഗ്സെത്തിനെ പെന്റഗണ്‍ മേധാവിയായി യുഎസ് നിയമനിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ക്രിസ്റ്റിക്കായുള്ള വോട്ടെടുപ്പ് നടന്നത്.
അനധികൃത കുടിയേറ്റം തടയാനുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിലെ പ്രധാന പിന്തുണക്കാരില്‍ ഒരാളാണ് ക്രിസ്റ്റി. ട്രംപിന്റെ സഖ്യകക്ഷിയും വടക്കന്‍ മധ്യ യുഎസ് സംസ്ഥാനമായ സൗത്ത് ഡക്കോട്ടയില്‍ രണ്ട് തവണ ഗവര്‍ണറുമായ 53 കാരിയായ ക്രിസ്റ്റി നോയിം അതിര്‍ത്തി കാര്യങ്ങളിലും കുടിയേറ്റക്കാരെ നാടുകടത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്ന യുഎസ് ഏജന്‍സിയുടെ നിയന്ത്രണം ഏറ്റെടുക്കും. സൈബര്‍ സുരക്ഷ, ഭീകരത, അടിയന്തര മാനേജ്മെന്റ് എന്നിവയിലെ ഫെഡറല്‍ ശ്രമങ്ങള്‍ക്കും ഈ ഏജന്‍സി നേതൃത്വം നല്‍കും.