കുടമാത്രമാണോ? ഉമ്മയും കൂടെ കൊടുത്തോയെന്നറിയില്ല; സുരേഷ് ഗോപിയേയും ആശവർക്കർമാരെയും അധിക്ഷേപിച്ച് സിഐടിയു നേതാവ്

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കണം എന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശവർക്കർമാരെ തുടക്കം മുതൽ സി ഐ ടി യു നേതാക്കൾ അധിക്ഷേപിക്കുകയാണ്. ഇപ്പോഴിതാ ഇന്നലെ തലസ്ഥാനത്തെ പെരുമഴയത്ത് സമരം ചെയ്ത ആശമാർക്ക് കുട കൊടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയേയും ആശമാരെയും അധിക്ഷേപിച്ച് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്നാണ് സി ഐ ടി യു സംസ്ഥാന സെക്രട്ടറി പറഞ്ഞത്. കൊച്ചിയിൽ സി ഐ ടി യു സംഘടിപ്പിച്ച ആശ വർക്കർമാരുടെ പരിപാടിക്കിടെയായിരുന്നു സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുടെ അധിക്ഷേപം.

അതേസമയം ആശാവർക്കർമാരുടെ സമരത്തിന് പിന്നിലുള്ളവരെ സി പി എം തുറന്ന് കാണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് പറഞ്ഞിരുന്നു. സമരക്കാർക്ക് പിന്നിൽ എസ് യു സി ഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്നാണ് എം വി ഗോവിന്ദൻ ആരോപിച്ചത്. സുരേഷ് ഗോപി സമരത്തിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ന്യായമായ ഒരു സമരത്തിനും സി പി എം എതിരല്ലെന്നും വ്യക്തമാക്കി എം വി ഗോവിന്ദൻ, ആശമാരുടെ സമരത്തിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും ആരോപിച്ചു.

Also Read

More Stories from this section

family-dental
witywide