പിണറായി സർക്കാർ തീരുമാനിച്ചു, കേരളത്തിൽ ഇനി ഡ്രൈ ഡേയിലും മദ്യം കിട്ടും! പക്ഷേ എല്ലായിടത്തുമില്ല, ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മാത്രം

തിരുവനന്തപുരം: ടൂറിസം മേഖല ലക്ഷ്യമിട്ട് കേരളത്തിലെ ഡ്രൈ ഡേയിൽ വമ്പൻ മാറ്റം.ടൂറിസ്റ്റ് കാര്യങ്ങള്‍ക്കായി ഒന്നാം തീയതി ഡ്രൈ ഡേയിൽ ഇളവ് നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം നല്‍കാമെന്നാണ് സംസ്ഥാനത്തെ പുതുക്കിയ മദ്യനയം. ഡ്രൈ ഡേയില്‍ ഇളവുനല്‍കിയാണ് ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതി മദ്യം വിളമ്പാമെന്ന വ്യവസ്ഥക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ടൂറിസം കോണ്‍ഫറന്‍സുകളോ ഇവെന്റുകളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം. പ്രത്യേക ഫീസ് ഈടാക്കി ഹോട്ടലുകളെ ഡ്രൈ ഡേയില്‍ മദ്യം വിളമ്പാന്‍ അനുവദിക്കും. അരലക്ഷം രൂപയാണ് ഫീസ്. വിനോദസഞ്ചാര മേഖലയിലെ പ്രത്യേക യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതിയുണ്ട്. ക്ലാസ്സിഫിക്കേഷന്‍ അടിസ്ഥാനത്തില്‍ ആയിരിക്കും അനുമതി. ക്രൂയിസ് ബോട്ടുകള്‍ അടക്കമുള്ള യാനങ്ങള്‍ക്കാണ് അനുമതി ലഭിക്കുക. ഹൗസ് ബോട്ടുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടില്ല. ത്രീസ്റ്റാര്‍ വരെയുള്ള ഹോട്ടലുകളില്‍ കള്ളും വിളമ്പാന്‍ അനുമതിയുണ്ടാവും.

ഹോട്ടലുകള്‍ ഉള്‍പ്പെടുന്ന റേഞ്ചിലെ കള്ള് ഷാപ്പുകളില്‍ നിന്ന് കള്ളു വാങ്ങി വേണം വിളമ്പാന്‍. ബാര്‍ ലൈസന്‍സ് ഫീസ് ഉയര്‍ത്തിയിട്ടില്ല. ബാറിന്റെ പ്രവര്‍ത്തന സമയത്തിലും മാറ്റമില്ല.കള്ള് ഷാപ്പുകളോട് അനുബന്ധിച്ചുള്ള ഭക്ഷണശാലയിലും കള്ളുവിളമ്പാന്‍ അനുമതിയുണ്ടാവും.കുപ്പിയിലാക്കിയ കള്ളും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കും. ലേലത്തില്‍ വിറ്റുപോകാത്ത കളള് ഷാപ്പുകള്‍ തൊഴിലാളികളുടെ സംഘത്തിന് ഏറ്റെടുത്ത്‌നടത്താനും അനുമതി നല്‍കി.

Also Read

More Stories from this section

family-dental
witywide