തിരുവനന്തപുരം: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തിലെ ഹൃദയഭേദകമായ കാഴ്ചയായിരുന്നു വെള്ളാർമല സ്കൂളിന്‍റെ ചിത്രം. ഒറ്റ രാത്രിയിൽ ദുരന്തം ആ സ്കൂളിനെയും കവർന്നെടുത്താണ് മടങ്ങിയത്. അതേ വെള്ളാർമലയിലെ കുട്ടികൾ തിരുവനന്തപുരത്ത് നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ അതിലും വൈകാരികമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷ്യം വഹിച്ചത്. ‘സാറെ ഞങ്ങടെ സ്‌കൂൾ ഞങ്ങള്‍ക്കു വേണം’ – മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ വിളിച്ചുപറഞ്ഞത് അതുമാത്രമായിരുന്നു. ആ കുട്ടികളോടുള്ള എല്ലാ കരുതലോടെയുമായിരുന്നു കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ മറുപടിയും. ‘നിങ്ങടെ സ്‌കൂള്‍ നല്ല സ്‌കൂളല്ലേ, ആ സ്കൂൾ അവിടെത്തന്നെ ഉണ്ടാകും’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കുട്ടിയുടെ നെറുകയില്‍ തട്ടി ആശ്വസിപ്പിക്കുകയും ചെയ്താണ് മുഖ്യമന്ത്രി മടങ്ങിയത്.
സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടന വേദിയിൽ വെള്ളാർമല സ്കൂളിലെ ഏഴു കുട്ടികൾ സംഘനൃത്തം കളിച്ചിരുന്നു. പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറി. ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി തന്നെ പങ്കുവയ്ക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
മുണ്ടക്കൈയിൽ ഉരുൾപൊട്ടിയപ്പോൾ വെള്ളാർമല സ്കൂളിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് തകരാതെ അവശേഷിച്ചത്. എന്നാൽ ആ വിദ്യാലയത്തിന്റെ ചൈതന്യം കൈവിടാതെ കാത്തുസൂക്ഷിക്കാൻ അവിടത്തെ കുഞ്ഞുങ്ങൾക്കാകുന്നു എന്നു തെളിയിച്ച നൃത്തശില്പമാണ് ഇന്ന് സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ അരങ്ങേറിയത്. പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറി. കുട്ടികളെ കാണാനും ആശീർവദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നൽകിയത്. അവർ പകർന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഈ കലോൽസവം ഏറ്റവും മികച്ച രീതിയിൽ നടത്താൻ സാധിക്കണം. വെള്ളാർമല സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ!
https://www.instagram.com/reel/DEZYk4FStAM/?igsh=amp0MDI1ODJ1aWF1