‘എന്‍റെ മകൾ’ ആയതാണ് കുറ്റം, വീണക്കെതിരായ മാസപ്പടി കേസ് ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി; ‘ബിനീഷിന്‍റെ കേസിന് സമാനമല്ലെന്ന് പാർട്ടിക്കറിയാം’

തിരുവനന്തപുരം: മകൾ വീണ വിജയനെതിരായ മാസപ്പടി കേസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാസപ്പടി കേസിലെ കുറ്റപത്രം ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ‘എന്‍റെ മകൾ’ ആയതാണ് വീണക്കെതിരായ കേസിന്‍റെ കാരണമെന്നും പിണറായി കൂട്ടിച്ചേർത്തു. ബിനീഷ് കോടിയേരിയുടേതിന് സമാനമായ കേസല്ല വീണയ്ക്ക് എതിരെയുള്ളതെന്നും ഈ കേസിലെ ലക്ഷ്യമെന്താണ് എന്ന് പാര്‍ട്ടി കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് പാര്‍ട്ടി പിന്തുണ തനിക്ക് ലഭിച്ചതെന്നും മുഖ്യമന്ത്രി വിവരിച്ചു.

തന്‍റെ പേര് കൂടി ചേര്‍ത്തായിരുന്നു എസ് എഫ് ഐ ഒ അന്വേഷണ റിപ്പോര്‍ട്ട്. ‘എന്റെ മകൾ’ എന്ന് കൃത്യമായി ഏജൻസികൾ എഴുതി വെച്ചതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണെന്നും പിണറായി വിവരിച്ചു. വാര്‍ത്താസമ്മേളനത്തിൽ അസംബന്ധ ചോദ്യങ്ങൾ വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ‘നിങ്ങൾക്ക് വേണ്ടത് എന്റെ രക്തം, അത് അത്രവേഗം കിട്ടില്ല, ‘നിങ്ങൾ നോക്കുന്നത് എന്റെ രാജി, അത് മോഹിച്ചിരുന്നുകൊള്ളൂ’ എന്നും പറഞ്ഞു. മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ലെന്നും കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. ചെയ്ത സേവനത്തിന് ജിഎസ്ടി അടച്ചു എന്നത് മറച്ചുവെച്ചിട്ട്, നൽകാത്ത സേവനമെന്നാണ് പ്രചാരണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അവിടെയാണ് ‘എന്റെ മകൾ എന്നത് പ്രസക്തമാകുന്നത്’, കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടുതൽ പറയുന്നില്ലെന്നും മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide