മന്ത്രിസഭയുടെ തീരുമാനമാണിത്, നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; സിപിഐ, ആർജെഡി എതിർപ്പുകൾ തള്ളി; ‘എലപ്പുള്ളി ബ്രൂവറി വരൂട്ടാ’!

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ച് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയുടെ തീരുമാനമാണിത്. അതിൽ നിന്ന് പിന്നോട്ട് പോകാൻ ആകില്ല. ഇടതുമുന്നണിയിലെ 11 പാർട്ടികളിൽ 9 പേരും മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകുന്നതിൽ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എൽഡിഎഫിലെ സിപിഐയും ആർജെഡിയും മാത്രമാണ് പദ്ധതിയെ എതിർത്തത്. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പ്രദേശവാസികളടക്കം ശക്തമായ എതിർപ്പാണ് ഉയർത്തിക്കാട്ടിയത്. എന്നാൽ സി പി ഐ, ആ‌ർ ജെ ഡി എതിർപ്പുകളടക്കം തള്ളിക്കൊണ്ടാണ് എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

പ്രതിപക്ഷം അടക്കം എല്ലാവരുടെയും ആശങ്ക പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പാക്കൂവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രതികരണം. എന്നാൽ മുന്നണിയിലെ ഘടകക്ഷികൾ തന്നെ എതിർത്തിട്ടും, അതിനെ വകവയ്ക്കാതെയാണ് സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകുന്നു എന്നതും ശ്രദ്ധേയമാണ്. സിപിഐയുടെ ആസ്ഥാനമായ എം.എൻ സ്മാരകത്തിലാണ് ആ ഇടതുമുന്നണിയുടെ യോഗം നടന്നത്. ആദ്യമായാണ് ഇവിടെ എൽഡിഎഫ് യോഗം ചേരുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. മൂന്നു മണിക്കൂറോളം നീണ്ട യോഗത്തിനൊടുവിലാണ് മുഖ്യമന്ത്രി തീരുമാനം പുറത്തുവിട്ടത്.

എലപ്പുള്ളി മദ്യനിർമാണ ശാലയ്ക്ക് സർക്കർ അനുമതി നൽകിയതിന് പിന്നാലെ സിപിഐ അവരുടെ മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മദ്യ കമ്പനി ജലം ചൂഷണം ചെയ്താൽ കൃഷിക്ക് ആവശ്യമായ ജലം ലഭിക്കില്ലെന്നും, മലമ്പുഴ ഡാമിലെ ജലം നെൽകൃഷിക്ക് വേണ്ടിയുള്ളതാണെന്നും മുഖപത്രത്തിൽ പറഞ്ഞിരുന്നു. കൃഷി തടസപ്പെടുത്തുന്ന പദ്ധതികൾ സംസ്ഥാന താൽപര്യത്തിന് നിരക്കുന്നതല്ലെന്നും അനുമതി നൽകിയത് പുനഃപരിശോധിക്കാൻ തയ്യാറാകണമെന്നും ജനയുഗം ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയ ഈ ലേഖനവും ഏറെ ചർച്ചാ വിഷയമായിരുന്നു.

More Stories from this section

family-dental
witywide