ഒന്നിനി… ഭാവ ഗായകനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം, ആ ഗാനവീചികൾക്ക് മരണമില്ലെന്ന് മുഖ്യമന്ത്രി; കാലഭേദമില്ലെന്ന് പ്രതിപക്ഷ നേതാവ്; സംസ്കാരം ശനിയാഴ്ച

തിരുവനന്തപുരം: മലയാളത്തിന്‍റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങി രാഷ്ട്രീയ കേരളത്തിലെ പ്രമുഖരെല്ലാം അനുശോചനം അറിയിച്ച് രംഗത്തെത്തി. കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്നും ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രനെന്നുമാണ് മുഖ്യമന്ത്രി അനുസ്മരിച്ചത്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദമെന്നും പ്രായത്തിന് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദമെന്നുമാണ് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചത്. അതേസമയം ജയചന്ദ്രന്‍റെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ അനുസ്മരണം

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്.സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അസാമാന്യമായ സംഭാവനകൾ നൽകിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതൻ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീത ലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേർപാട് കൊണ്ട് ഉണ്ടായിരിക്കുന്നത്. പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രൻ വിട പറയുമ്പോൾ, ആ സ്മരണകൾക്കും ഗാനവീചികൾക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തെ ദുഃഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

പ്രതിപക്ഷ നേതാവിന്റെ അനുശോചനം

മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിലക്കുന്ന ഓര്‍മ്മകളായി പി. ജയചന്ദ്രന്‍ മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചു. അഞ്ച് പതിറ്റാണ്ടു കാലമാണ് പി. ജയചന്ദ്രന്‍ മലയാളികളെ വിസ്മയിപ്പിച്ചത്. സവിശേഷമായ ആലാപന ശൈലി ജയചന്ദ്രന് മാത്രം അവകാശപ്പെട്ടതാണ്. അത് ആര്‍ക്കും അനുകരിക്കാനാകില്ല.കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും മധ്യവയസ്‌കര്‍ക്കും വയോധികര്‍ക്കും മനസില്‍ സൂക്ഷിക്കാന്‍ പി. ജയചന്ദ്രന്റെ ഏതെങ്കിലുമൊരു ഗാനമുണ്ടാകും. പ്രണയം, വിരഹം, വിഷാദം, ആഹ്‌ളാദം, ഭക്തി, അനുതാപം, സ്വപ്നം അങ്ങനെ എത്രയെത്ര പേരറിയാത്ത ലോകത്തേക്ക് ജയചന്ദ്രന്‍ നമ്മെ കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. എക്കാലത്തേയും മധുര മനോഹരമാക്കിയ ശബ്ദ സാന്നിധ്യമായിരുന്നു ജയചന്ദ്രന്‍.മലയാള സിനിമാ സംഗീതത്തിന്റെ അലകും പിടിയും മാറ്റിയ എണ്‍പതുകള്‍. ഈണത്തിന് അനുസരിച്ച പാട്ടെഴുത്ത് ജയചന്ദ്രനിലെ അപൂര്‍വ സിദ്ധിയുള്ള ഗായകന് ഒരു വെല്ലുവിളിയായില്ല. മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി അങ്ങനെ ഭാഷാ അതിര്‍ത്തികള്‍ ഭേദിച്ച് പി. ജയചന്ദ്രന്റെ സ്വരമാധുരി ഒഴുകി നടന്നു. ‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’എന്ന ഒറ്റ ഗാനം കൊണ്ട് തമിഴകമാകെ പി ജയചന്ദ്രന്‍ എന്ന ശബ്ദ സാഗരത്തിന്റെ ആഴമറിഞ്ഞു. സംഗീതത്തെ അങ്ങേയറ്റത്തെ തീഷ്ണതയോടെ സമീപിക്കുമ്പോഴും ജീവിതത്തെ ലാഘവത്തോടെയാണ് പി. ജയചന്ദ്രന്‍ കണ്ടത്. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ഒരിക്കലും ദുഃഖിച്ചില്ല. അതിലും മികച്ചത് വരുമെന്ന അപൂര്‍വമായ ആത്മവിശ്വാസത്തോടെ ജീവിതത്തെയും ഗാനങ്ങളെയും കണ്ടു. അവസരങ്ങള്‍ക്കു വേണ്ടി നിലാപാടുകളെ മയപ്പെടുത്തുകയോ സൗഹൃദങ്ങളെ ഉപയോഗിക്കുകയോ ചെയ്തില്ല. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പൊരുതി നേടിയതാണ് നമ്മള്‍ കേള്‍ക്കുന്ന ജയചന്ദ്ര സംഗീതം. ജയേട്ടന്‍ എന്ന സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വിളിക്കാവുന്ന ആത്മബന്ധം അദ്ദേഹവുമായി എനിക്കുണ്ട്. പി. ജയചന്ദ്രന്‍ മറയുമ്പോഴും ആ പ്രതിഭാസം സൃഷ്ടിച്ച അഗാധമായ ശബ്ദസാഗരം നമുക്ക് ചുറ്റും എപ്പോഴുമുണ്ടാകും. അത് വരും തലമുറകളെയും പ്രചോദിപ്പിക്കും. ജയേട്ടന് വിട.

കെ സി വേണുഗോപാലിന്റെ അനുസ്മരണം

മലയാള ചലച്ചിത്ര പിന്നണി ഗായകന്‍ പി.ജയചന്ദ്രന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. മലയാളികളുടെ മനസ്സിനെ സ്പര്‍ശിച്ച നിത്യഹരിത ശബ്ദയമായിരുന്നു പി.ജയചന്ദ്രന്റെത്. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ്സ് കീഴടക്കിയ പി.ജയചന്ദ്രന്‍ മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു. പ്രായം 80 കഴിഞ്ഞെങ്കിലും പി ജയചന്ദ്രന്റെ നിത്യഹരിതശബ്ദത്തെ കാലത്തിന് പോലും സ്പര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. പാട്ടിലും ജീവിതത്തിലും നിറഞ്ഞുതുളുമ്പുന്ന കേരളീയതയായിരുന്നു പി ജയചന്ദ്രന്‍.ആ പാട്ടുകളോടും ശബ്ദത്തോടുമുള്ള സ്‌നേഹവും ഇഷ്ടവുമൊക്കെ പിന്നീട് നേരിട്ടുള്ള പരിചയപ്പെടലിന് കാരണമായി. ഒരുമിച്ച് ഒരേ വേദികളില്‍, ഏറെനാള്‍ കാണാതിരിക്കുമ്പോള്‍ ഫോണിലൂടെ പരിചയം പുതുക്കിക്കൊണ്ടേയിരുന്നു. അവസാന നാളുകളില്‍ ആരോഗ്യസ്ഥിതി മോശമായതറിഞ്ഞപ്പോള്‍ നിരന്തരം അന്വേഷിച്ചിരുന്നു. തിരിച്ചുവരവിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.ഒരനുരാഗഗാനം പോലെ ഇപ്പോഴുമുണ്ട് കാതുകളില്‍ ആ ശബ്ദമെന്നും അത് മരണമില്ലാതെ ഇനിയും തുടരും.

രമേശ്‌ ചെന്നിത്തലയുടെ അനുസ്മരണം

മലയാളികളുടെ എക്കാലത്തെയും മികച്ച ഭാവ​ഗായകൻ പി ജയചന്ദ്രന്റെ വിയോ​ഗ വാർത്ത അവിശ്വസനീയവും ഹൃദയഭേദകവുമാണെന്നു കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല. കഴിഞ്ഞ ആറു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള മലയാളികളെ തരളിത ​ഗാനങ്ങളിൽ ആറാടിച്ച അനശ്വര ​ഗായകനാണ് ജയചന്ദ്രൻ. അദ്ദേഹവുമായി വളരെ ദീർഘകാലത്തെ വ്യക്തിബന്ധമാണ് എനിക്കുണ്ടായിരുന്നത്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ പല തവണ നേടിയിട്ടുള്ള ജയചന്ദ്രൻ മലയാളത്തിൽ മാത്രമല്ല, തന്നിന്ത്യയിൽ തന്നെ ഏറെ തിളങ്ങി. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മഞ്ഞലയിൽ മുങ്ങിത്തോർത്തിയെത്തിയ ധനു മാസ ചന്ദ്രിക പോലെ കടന്നു വന്ന ജയചന്ദ്ര സം​ഗീതം, കേട്ടുതഴമ്പിച്ച മറ്റു സം​ഗീത സമ്പ്രദായങ്ങളിൽ നിന്നെല്ലാം വേറിട്ടു നിന്നിരുന്നു.ഔപചാരികമായി ശാസ്ത്രീയ സം​ഗീതം പഠിച്ചില്ലെങ്കിലും ജന്മസിദ്ധി കൊണ്ട് സം​ഗീതത്തിന്റെ ​ഗിരിശൃം​ഗങ്ങൾ കീഴടക്കിയ ​ഗായകനാണ് ജയചന്ദ്രൻ. സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കെ.ജെ യേശുദാസിന്റെ പാട്ടിനു പക്കമേളമിട്ടു തുടങ്ങിയ സം​ഗീത സപര്യയാണ് പെയ്തൊഴിയുന്നത്. മലയാളിയുവതയുടെ പ്രണയ തന്ത്രികളിൽ എല്ലാ കാലത്തും വരിലോടിച്ച ഈ മഹാ​ഗായകന്റെ അനശ്വര​ഗാനങ്ങൾക്കു മുന്നിൽ എന്റെ സ്നേഹപ്രണാമം. ഈ ​ഗാനങ്ങളിലൂടെ അമരത്വം നേടിയ മഹാ​ഗായകന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

More Stories from this section

family-dental
witywide