തിരുവനന്തപുരം: പാലക്കാട് ബ്രൂവറി വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. വിവാദങ്ങൾ മുഖവിലക്കെടുക്കിന്നില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി നിലപാടിലുറച്ച് സർക്കാർ മുന്നോട്ടുപോകുമെന്നും പ്രഖ്യാപിച്ചു. വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുന്നത് മഹാപാപമല്ലെന്നും ഇനിയും വ്യവസായങ്ങള്‍ക്ക് വെള്ളം നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി നൽകിയതിലെ അഴിമതിയാരോപണങ്ങളും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. സമാനമായ പദ്ധതികള്‍ക്ക് ഇനിയും വെള്ളം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പാലക്കാട് ബ്രൂവറിയിൽ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വിവരിച്ചു.
മദ്യ നയത്തിൽ സർക്കാർ നയം സുവ്യക്തമാണ്. കേരളത്തിൽ 10 ഡിസ്റ്റിലറികളാണ് ഉള്ളത്. അതിൽ ഏഴും തുങ്ങിയത് യുഡിഎഫ് സര്‍ക്കാരാണ്. രണ്ട് ബ്രൂവറി തുടങ്ങിയതും യുഡിഎഫ് ഭരണകാലത്താണ്. നിക്ഷേപകർ ഇനി വന്നാലും സർക്കാർ പ്രോത്സാഹിപ്പിക്കും. നിവസായ നിക്ഷേപ പദ്ധതിയായതിനാൽ തന്നെ ടെണ്ടര്‍ ആവശ്യമില്ല. പാലക്കാട് ബ്രൂവറി പദ്ധതിയിലൂടെ 600 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നത്. 650 പേർക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് അല്ലാതെയും തൊഴിൽ കിട്ടും. അനുമതി പ്രാഥമികമായി നൽകുന്നത് പൂർണ്ണമായും സർക്കാരിന്‍റെ വിവേചനം ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിക്ക് വെള്ളം ഒരു പ്രശ്നം ആകില്ല. ഇത്തരം സംരംഭങ്ങൾ വന്നാൽ ഇനിയും അനുമതി നൽകും. കൃഷിക്കാരുടെ താല്പര്യം സംരക്ഷിച്ചു പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു.