
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് സംബന്ധിച്ച് പി വി അന്‍വര്‍ നടത്തിയ പ്രസ്താവനക്കെതിരെ നിയമനടപടിയുടമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി രംഗത്ത്. നിയമ നടപടി സ്വീകരിക്കും എന്ന് ഇന്നലെ പറഞ്ഞതിന് പിന്നാലെ ഇന്ന് തന്നെ വക്കീൽ നോട്ടിസ് അയക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പറഞ്ഞിട്ടാണെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് പി ശശി പി വി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രസ്താവന പിന്‍വലിച്ച് അന്‍വര്‍ മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെയും പിവി അന്‍വര്‍ ഉന്നയിച്ച ആരോപണത്തിനെതിരെ ശശി വക്കീല്‍നോട്ടീസയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതികളില്‍ നടക്കുന്നതിനിടെയാണ് വീണ്ടും വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. അന്‍വറിനെതിരെ അയക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസ് ആണിത്. പി ശശി എഴുതിക്കൊടുത്ത പ്രകാരമാണ് നിയമസഭയില്‍ വിഡി സതീശനെതിരേ ആരോപണം ഉന്നയിച്ചതെന്നും ഇതില്‍ അദ്ദേഹത്തോട് മാപ്പ് പറയുന്നുവെന്നും എംഎല്‍എ സ്ഥാനം രാജിവെച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. ഇതിനെതിരേയാണ് ശശി പുതിയ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് പി ശശി ഇന്നലെ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. പുതിയ താവളം കണ്ടെത്താനുള്ള നീക്കമാണ് അന്‍വര്‍ നടത്തുന്നതെന്നും അതിന്റെ ഭാഗമാണ് വിഡി സതീശനോട് മാപ്പ് ചോദിക്കുന്നുവെന്ന് ആവര്‍ത്തിച്ച് പറയുന്നതെന്നും പി ശശി പറഞ്ഞു. കഴിഞ്ഞ കാലത്തെ പ്രവര്‍ത്തികള്‍ മറ്റൊരാളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാന്‍ പിവി അന്‍വര്‍ ശ്രമിക്കുകയാണെന്നും പി ശശി വിവരിച്ചിരുന്നു.