കൊക്കെയ്ന്‍ മണത്ത് മൂക്കിന്റെ സ്ഥാനത്ത് ദ്വാരം മാത്രമായി, 19മാസത്തിനിടെ ഉപയോഗിച്ചത് 70 ലക്ഷം രൂപയുടെ കൊക്കെയ്ന്‍

ഷിക്കാഗോ: കൊക്കെയ്ന്‍ മണത്ത് യുവതിയ്ക്ക് നഷ്ടമായത് സ്വന്തം മൂക്ക്. ഷിക്കാഗോ സ്വദേശിയായ കെല്ലി കൊസൈറയ്ക്കാണ് കൊക്കെയ്ന്‍ ഉപയോഗം മൂലം മൂക്ക് നഷ്ടമായത്. 19മാസത്തിനിടെ യുവതി ഉപയോഗിച്ചത് 70 ലക്ഷം രൂപയുടെ കൊക്കെയ്‌നാണ്. കൊക്കെയ്ന്‍ മണത്ത് കെല്ലിയുടെ മൂക്കിന്റെ സ്ഥാനത്ത് ദ്വാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

2017ലാണ് കെല്ലി കൊക്കെയ്ന്‍ ഉപയോഗിച്ച് തുടങ്ങിയത്. രാത്രി സുഹൃത്തിനൊപ്പം പാര്‍ട്ടിക്കു പോയ കെല്ലിയെ കാത്തിരുന്നത് മദ്യവും മയക്കുമരുന്നും അടക്കമുള്ള ലഹരികള്‍. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചെന്ന കേട്ടുതഴമ്പിച്ച കഥയാണ് കെല്ലിക്കും പറയാനുള്ളത്.

കൊക്കെയ്ന്‍ വലിക്കുന്നതിനിടെ കെല്ലിയുടെ മൂക്കിന് ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത് കെല്ലി കാര്യമാക്കിയില്ല. എന്നാല്‍ ഈ കൊക്കെയ്ന്‍ ഉപയോഗം തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് വളരെ വൈകിയാണ് കെല്ലി തിരിച്ചറിഞ്ഞത്. കൊക്കെയ്ന്‍ ഉപയോഗിച്ച് തുടങ്ങികുറച്ച് മാസങ്ങള്‍ക്കകം ഒരിക്കല്‍ കെല്ലിയുടെ മൂക്കില്‍ നിന്ന് രക്തം വന്നു. പിന്നീടാണ് മുഖത്ത് ഒരു ദ്വാരം ഉണ്ടായയ്. എന്നാല്‍ കൊക്കെയ്ന്‍ ഇല്ലാതെ ജീവിക്കാനാവില്ല എന്ന ധാരണ കെല്ലിയെ നയിച്ചു. ഏറ്റവും ഒടുവിലാണ് അത് സംഭവിച്ചത്. മൂക്കില്‍ നിന്നും രക്തം മാത്രമല്ല, മാംസ ഭാഗങ്ങള്‍ കൂടി പുറത്തുവന്നു. ഒടുവില്‍ മൂക്കിന്റെ സ്ഥാനത്ത് ഒരു ദ്വാരമാണ് അവശേഷിച്ചത്. ഇതോടെ കെല്ലിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് ആശുപത്രിയിലാക്കി. തുടര്‍ന്ന് അവരുടെ മുഖത്ത് പതിനഞ്ചോളം ശസ്ത്രക്രിയകള്‍ നടത്തി. ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് മാംസവും ചര്‍മവും എടുത്താണ് കെല്ലിയുടെ മുക്കിന്റെ സ്ഥാനത്ത് അതുപോലെ ഒരു രൂപമുണ്ടാക്കാന്‍ ഡോക്ടര്‍മാര്‍ക്കായത്.

2021ല്‍ ലഹരി ഉപയോഗം പൂര്‍ണമായും നിര്‍ത്തിയ ഈ യുവതി ഇപ്പോള്‍ മയക്കുമരുന്നിനെതിരായ പ്രചരണരംഗത്ത് സജീവമാണ്. തന്റെ ജീവിതം തന്നെയാണ് മറ്റുള്ളവര്‍ക്കുള്ള പാഠമായി കെല്ലി നല്‍കുന്നത്.