ന്യൂയോർക്ക്: അമേരിക്കയിൽ നിന്നും കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപിന്‍റെ തീരുമാനത്തിന് തിരിച്ചടി നൽകി കൊളംബിയ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ. തങ്ങളുടെ രാജ്യത്തിൻ്റെ വ്യോമാതിർത്തിയിലേക്ക് യു എസ് കുടിയേറ്റ വിമാനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കൊളംബിയയുടെ ഇടതുപക്ഷ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചു. മെക്സിക്കോയുടെ തീരുമാനത്തിന് പിന്നാലെയാണ് കൊളംബിയയും പ്രസിഡന്‍റ് ട്രംപിന് വമ്പൻ തിരിച്ചടി നൽകുന്ന പ്രഖ്യാപനം നടത്തിയത്.
‘അമേരിക്കയ്ക്ക് കൊളംബിയൻ കുടിയേറ്റക്കാരെ കുറ്റവാളികളായി കണക്കാക്കാൻ കഴിയില്ല. കൊളംബിയൻ കുടിയേറ്റക്കാരെ വഹിക്കുന്ന യു എസ് വിമാനങ്ങളിലേക്ക് ഞങ്ങളുടെ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് ഞാൻ വിലക്കുന്നു’ – എന്നാണ് പെട്രോ എക്‌സിൽ കുറിച്ചത്. ഇക്കാര്യത്തിൽ അമേരിക്കൻ ഭരണകൂടം വ്യക്തമായ ഒരു പ്രോട്ടോക്കോൾ ഉണ്ടാക്കിക്കഴിഞ്ഞാൽ മാത്രമേ അവരെ അംഗീകരിക്കൂ എന്നും പ്രസിഡന്‍റ് പെട്രോ വ്യക്തമാക്കി. കൂടുതൽ വിശദാംശങ്ങൾ നൽകാതെ കൊളംബിയൻ കുടിയേറ്റക്കാരുമായി വന്ന യു എസ് സൈനിക വിമാനങ്ങൾ താൻ തിരിച്ചയച്ചതായും പെട്രോ, മറ്റൊരു എക്സ് പോസ്റ്റിലൂടെ വിവരിച്ചു.