
ബീജിംഗ്: നന്നായി പണി എടുത്തില്ലെങ്കിൽ ജോലി നിന്ന് പിരിച്ചുവിടുക എന്നത് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ, വിവാഹിതരല്ലെന്ന കാരണത്താൽ ജോലി പോകുമെന്ന് ഇതുവരെ ആരെങ്കിലും കേട്ടിട്ടുണ്ടോ. സംഭവം സത്യമാണ്. ഇങ്ങനെയൊരു ഭീഷണിയാണ് ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള കമ്പനി ജീവനക്കാർക്ക് മുന്നിൽ വെച്ചിരിക്കുന്നത്. വിവാഹമോചിതർ ഉൾപ്പെടെ അവിവാഹിതരായ ജീവനക്കാർ ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ വിവാഹം കഴിച്ചേ മതിയാകൂ എന്നാണ് കമ്പനി പറയുന്നത്. അവിവാഹിതരായി തുടരുകയാണെങ്കിൽ അവരെ ജോലി പോകുമെന്നും മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
ഷൺ ടിയാൻ കെമിക്കൽ ഗ്രൂപ്പ് കമ്പനി ലിമിറ്റഡാണ് 1200 ജീവനക്കാർക്ക് ഇക്കാര്യം അറിയിച്ചുള്ള നോട്ടീസ് നൽകിയിരിക്കുന്നത്. നന്നായി ജോലി ചെയ്ത് മികച്ച രീതിയിൽ കുടുംബ ജീവിതം നയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സംഭവം വിവാദമായതോടെ നോട്ടീസ് പിൻവലിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. അറിയിപ്പ് റദ്ദാക്കിയതായും കമ്പനി പറഞ്ഞു. എന്നാൽ ജീവനക്കാർ ഇപ്പോഴും ആശങ്കയിലാണ്.