
തൊടുപുഴ : മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ബിജെപി നേതാവ് പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം നടത്തിയ ലൗ ജിഹാദ് പരാമര്‍ശത്തിന് കുരുക്ക്. പി സി ജോര്‍ജിനെതിരെ തൊടുപുഴയില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്.
കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയില്‍ പറയുന്നു. ഇത് ഉള്‍പ്പെടെ മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിച്ചാല്‍ പൊലീസ് കേസെടുക്കും. പി.സി ജോര്‍ജിനെതിരെ ഡിജിപിക്കും പരാതി ലഭിച്ചിട്ടുണ്ട്.
മീനച്ചില്‍ താലൂക്കില്‍ മാത്രം 400 ഓളം പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നാണ് പാലായില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയില്‍ ജോര്‍ജ് പ്രസംഗിച്ചത്. ഇതില്‍ 41 പേരെ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും പി സി പറഞ്ഞു. യാഥാര്‍ത്ഥ്യവും സാഹചര്യവും മനസിലാക്കി രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ 24 വയസ്സിനു മുന്‍പ് വിവാഹം കഴിപ്പിച്ചയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.