
ന്യൂഡല്‍ഹി: നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ പുതിയ കഫേ ആരംഭിച്ചു. ഏറെനാളത്തെ തന്റെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചതെന്ന് കങ്കണ സന്തോഷം പങ്കുവെച്ചു. ‘മൗണ്ടന്‍ സ്റ്റോറി’ എന്നാണ് കഫേയുടെ പേര്. വാലന്റൈന്‍സ് ദിനത്തിലായിരിക്കും കഫേ പ്രവര്‍ത്തനം ആരംഭിക്കുക. എന്നാല്‍ ഇതിനിടെ കങ്കണയെ അഭിനന്ദിച്ച കോണ്‍ഗ്രസ് പുലിവാലു പിടിച്ചു.
‘നിങ്ങളുടെ പുതിയ ‘ശുദ്ധ സസ്യാഹാര’ റെസ്റ്റോറന്റിനെക്കുറിച്ച് അറിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എല്ലാ വിനോദസഞ്ചാരികള്‍ക്കും നിങ്ങള്‍ അത്ഭുതകരമായ ഹിമാചല്‍ സസ്യാഹാര വിഭവങ്ങള്‍ വിളമ്പുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നു!’ കോണ്‍ഗ്രസിന്റെ കേരള യൂണിറ്റിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ എഴുതിയ ഈ സന്ദേശമാണ് പിന്നീട് വിമര്‍ശനത്തിനിടയാക്കിയത്.
കങ്കണ ഒരു ബിജെപി എംപിയാണെന്നും കോണ്‍ഗ്രസ് നേതാക്കളുമായുള്ള അവരുടെ മുന്‍കാല രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് ഇത്തരത്തിലുള്ള ആശംസ വേണ്ടിയിരുന്നില്ലെന്നുമാണ് പ്രതികരണങ്ങള്‍. കേരള കോണ്‍ഗ്രസ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്നുപോലും പലരും ചോദിച്ചു. ഈ ആശംസ അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടികോണ്‍ഗ്രസ് അനുയായികളില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ദി മൗണ്ടന്‍ സ്റ്റോറി കഫേയുടെ ഉള്‍ഭാഗങ്ങളും ചുറ്റുമുള്ള പ്രകൃതിഭംഗികളും കാണിക്കുന്ന ഒരു വീഡിയോ കങ്കണ പങ്കിട്ടിരുന്നു. ‘ഒരു ബാല്യകാല സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. ഹിമാലയത്തിന്റെ മടിത്തട്ടിലെ എന്റെ ചെറിയ കഫേ,’ എന്നും വീഡിയോയ്‌ക്കൊപ്പം അവര്‍ എഴുതിയിരുന്നു.