രോഹിത് തടി കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്; വിവാദമായതോടെ പോസ്റ്റ് മുക്കി, നേതാവിനെ തള്ളി കോണ്‍ഗ്രസ്, ‘നിര്‍ഭാഗ്യകരമെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ശരീര ഭാരത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. എക്‌സില്‍ കുറിച്ച പോസ്റ്റിലായിരുന്നു ഷമ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. പിന്നാലെ വലിയ വിവാദത്തിലായ ഷമ പോസ്റ്റ് പിന്‍വലിച്ചു. രോഹിത് ശര്‍മ തടി കുറയ്ക്കണമെന്നും ക്യാപ്റ്റന്‍സി അത്ര ആകര്‍ഷകമല്ലെന്നുമായിരുന്നു ഷമ മുഹമ്മദിന്റെ പ്രതികരണം.

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മ ഇന്ത്യയെ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളിലും വിജയത്തിലെത്തിച്ച്, സെമി ഫൈനല്‍ യോഗ്യത ഉറപ്പാക്കിയപ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം. ഷമയുടെ നിലപാടിനെ ചോദ്യം ചെയ്ത് പാക്കിസ്ഥാനില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരടക്കം രംഗത്തെത്തി.

എന്നാല്‍ പോസ്റ്റ് മാത്രമേ അവര്‍ പിന്‍വലിച്ചിട്ടുള്ളൂ. ഇപ്പോഴും അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഷമ. രോഹിത് ഒരു സാധാരണ ക്യാപ്റ്റനും സാധാരണ കളിക്കാരനും ആണെന്നും ഭാഗ്യം കൊണ്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വരെ ആയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഷമയെത്തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി.

ഷമയോട് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് മീഡിയ, പബ്ലിസിറ്റി വിഭാഗം തലവന്‍ പവന്‍ ഖേര പ്രതികരിച്ചു. കായിക മേഖലയിലെ വ്യക്തിത്വങ്ങളുടെ നേട്ടങ്ങളെ കോണ്‍ഗ്രസ് ബഹുമാനത്തോടെയാണു കാണുന്നത്. അവരെ ഇകഴ്ത്തുന്ന തരത്തിലുള്ള പ്രസ്താവനകളെ അംഗീകരിക്കാന്‍ സാധിക്കില്ല.” പവന്‍ ഖേര പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ പരാജയപ്പെട്ടതുകൊണ്ട് അദ്ദേഹം ഇനി ക്രിക്കറ്റ് കളിക്കുമോയെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ചോദിച്ചത് വിദത്തിന് മൂര്‍ച്ച കൂട്ടി. കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ പിറകേയാണെന്നും ഇത്തരം പ്രതികരണങ്ങളില്‍ നാണക്കേടു തോന്നുന്നതായും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി ദേവജിത് സൈകിയ ഷമയുടെ പരാമര്‍ശത്തെ ‘നിര്‍ഭാഗ്യകരം’ എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരു ക്രിക്കറ്റ് കളിക്കാരന്റെ മനോവീര്യം കെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇത്രയും നിര്‍ണായകമായ ഒരു ഐസിസി ടൂര്‍ണമെന്റിന്റെ നടുവിലായിരിക്കുമ്പോള്‍ ഉത്തരവാദിത്തമുള്ള ഒരു വ്യക്തി ഇത്തരമൊരു നിസ്സാര പരാമര്‍ശം നടത്തുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. അത് ഒരു വ്യക്തിയെയോ ടീമിനെയോ നിരാശപ്പെടുത്തുന്ന ഫലമുണ്ടാക്കിയേക്കാം. എല്ലാ കളിക്കാരും അവരുടെ പരമാവധി കഴിവിന്റെ പരമാവധി പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്, ഫലങ്ങള്‍ ദൃശ്യമാണ്. വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം അവഹേളനപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വ്യക്തികള്‍ വിട്ടുനില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.

നിലവില്‍, ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ദുബായില്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ് രോഹിത് ഉള്ളത്. രോഹിത്തിന്റെ ടീം ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ചു, 100 ശതമാനം വിജയത്തിന്റെ പിന്‍ബലത്തില്‍ അവസാന നാലില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide