പനാമ സിറ്റി: പനാമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കണമെന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആവശ്യം ഉന്നയിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഞായറാഴ്ച പനാമ വിദേശകാര്യ മന്ത്രി ജാവിയര്‍ മാര്‍ട്ടിനെസ്-അച്ചയുമായി ചര്‍ച്ച നടത്തി. പനാമ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോയുമായി കൂടിക്കാഴ്ച നടത്തും. ഇതിനു മുന്നോടിയായാണ് പനാമ വിദേശകാര്യ മന്ത്രിയെ കണ്ടത്. ഇരു നേതാക്കളും ഈ വിഷയം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
യുഎസിന്റെ നീക്കത്തിന് ഇതുവരെ പനാമയുടെ ഭാഗത്തുനിന്നും അനുകൂലമായ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
പനാമ കനാല്‍, യുഎസ് കണ്ടെയ്‌നര്‍ ഗതാഗതത്തിന്റെ 40 ശതമാനവും കടന്നുപോകുന്ന അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങള്‍ തമ്മിലുള്ള നിര്‍ണായക കണ്ണിയാണ്. നേതാക്കളെ കണ്ട ശേഷം റൂബിയോ പനാമ കനാലിലേക്ക് പര്യടനം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, യുഎസ് എതിരാളിയായ ചൈന കനാലിനു ചുറ്റും വളരെയധികം അധികാരം നേടിയിട്ടുണ്ടെന്നും, ഒരു സംഘര്‍ഷത്തില്‍ അത് അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്നും, ഇത് അമേരിക്കയ്ക്ക് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ട്രംപും റൂബിയോയും പറയുന്നു.