
ചെന്നൈ : വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ അനുയായിയും സഹോദരിയുടെ മകനുമായ സുന്ദരേശ്വരനാണ് ഇക്കാര്യം അറിയിച്ചത്. സനാതന ധര്‍മത്തിനായി പോരാടിയ സ്വാമി ‘ജീവത്യാഗം’ ചെയ്‌തെന്നാണ് സുന്ദരേശ്വരന്‍ അനുയായികളെ അറിയിച്ചത്. എന്നാല്‍ ഇത് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നിഷേധിക്കുന്നുണ്ട്.
നേരത്തെയും നിരവധി തമിഴ്, ദേശീയ മാധ്യമങ്ങള്‍ നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴുള്ളത് ഏപ്രില്‍ ഫൂള്‍ ആയി പങ്കുവച്ചതാണോ എന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച നിത്യനന്ദയുടെ തനിക്ക് ദിവ്യമായ കഴിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് വലിയ തോതില്‍ ഭക്തരെ ആകര്‍ഷിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ഒന്നിലധികം ആശ്രമങ്ങളും ഇയാള്‍ക്കുണ്ട്. 2010ല്‍ ഒരു സിനിമ നടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അശ്ലീല വിഡിയോ പുറത്തുവന്നത്. ഇതിനിടെ ബലാത്സംഗ, ലൈംഗിക പീഡന കേസുകളിലും പെട്ടു. പിന്നീട് ഇന്ത്യ വിട്ടെന്നും ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി ‘കൈലാസ’ എന്ന പേരില്‍ രാജ്യമുണ്ടാക്കി ജീവിക്കുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.