
വാഷിങ്ടൺ: കൊവിഡ് 19ൽ വീണ്ടും ചൈനക്കെതിരെ ആരോപണവുമായി അമേരിക്ക. കോവിഡ് രോഗവ്യാപനത്തിന് കാരണമായ കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിന്നും ചോർന്നതാകാമെന്ന വാദവുമായി അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ വീണ്ടും രംഗത്തെത്തി. ഇക്കാര്യം ഉറപ്പിക്കാനാവില്ലെന്നും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും സി.ഐ.എ വക്താവ് പറഞ്ഞു. പുതിയ സി.ഐ.എ ഡറക്ടറായി ജോൺ റാറ്റ്ക്ലിഫ് സ്ഥാനമേറ്റതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സി.ഐ.എ പുറത്ത് വിട്ടിരിക്കുന്നത്.
സ്വാഭാവികമായ ഉണ്ടാകുന്നതിനേക്കാൾ ലാബിൽ നിന്നും വൈറസ് ചോരാനുള്ള സാധ്യതകളാണ് കൂടുതലുള്ളതെന്നും സി.ഐ.എ വക്താവ് പറഞ്ഞു. വുഹാനിലെ ലാബിൽ നിന്നും വൈറസ് ചോർന്നുവെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വുഹാനിലെ ചൈനയുടെ പരീക്ഷണലാബ് കോവിഡ് കേസുകൾ ആദ്യം റിപ്പോർട്ട് ചെയ്ത മാർക്കറ്റിൽ നിന്നും 40 കിലോ മീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
നേരത്തെ ചൈനയിൽ നിന്നും ഉയരുന്ന വിവിധതരം ഭീഷണികളെ കുറിച്ച് സംസാരിക്കുന്നതിനിടെകോവിഡിനെ കുറിച്ചും ഇതുസംബന്ധിച്ച് സി.ഐ.എ നടത്തിയ പഠനത്തെ സംബന്ധിച്ചും ഏജൻസിയുടെ ഡയറക്ടർ പ്രതികരിച്ചിരുന്നു.