
കണ്ണൂർ: കണ്ണൂരില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ആറളം ഫാമില്‍ കശുവണ്ടി ശേഖരിക്കാന്‍ പോയ ദമ്പതികളാണ് കൊല്ലപ്പെട്ടത്. ആറളം ഫാമില് പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. സ്ഥലത്ത് വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കളക്ടർ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. സണ്ണി ജോസഫ് എംഎൽഎ ഇടപെട്ടിട്ടും നാട്ടുകാരുടെ പ്രതിഷേധത്തിന് പരിഹാരമായില്ല. ആനയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു സണ്ണി ജോസഫ് എംഎൽഎയുടെ പ്രതികരണം.
ആറളത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ വിഷയം തണുപ്പിക്കാനായി സർക്കാർ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായവും നാളെ സര്‍വകക്ഷി യോഗവും വിളിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് നാളെ അഞ്ച് ലക്ഷം രൂപ വീതം ആദ്യ ഗഡു നഷ്ടപരിഹാരം നല്‍കും. ബാക്കി പത്ത് ലക്ഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നല്കുന്നതാണെന്നും സർക്കാർ അറിയിച്ചു. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുക്കും. വൈകുന്നേരം 3.00 മണിക്ക് ആണ് യോഗം.