
സിയോള്‍: ദക്ഷിണ കൊറിയയിലെ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്ക്-സൂവിന്റെ ഇംപീച്ച്മെന്റ് റദ്ദാക്കി ഭരണ ഘടനാ കോടതി. ഇതോടെ അദ്ദേഹം തന്നെ ആക്ടിങ് പ്രസിഡന്റായി തുടരും.
കഴിഞ്ഞ വര്‍ഷം ഹ്രസ്വകാല പട്ടാള നിയമം പ്രഖ്യാപിച്ചതിന് പ്രസിഡന്റ് യൂന്‍ സുക് യോളിനെ പുറത്താക്കിയതിനു പിന്നാലെ ആക്ടിംഗ് പ്രസിഡന്റായി പ്രധാനമന്ത്രിയായ ഹാന്‍ ചുമതലയേറ്റെടുത്തിരുന്നു. ചുമതലയേറ്റതിന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഡിസംബറില്‍ നിയമനിര്‍മ്മാതാക്കള്‍ ഹാനെയും ഇംപീച്ച് ചെയ്തു. ഭരണഘടനാ കോടതിയിലേക്ക് മൂന്ന് ജഡ്ജിമാരെ കൂടി നിയമിക്കാന്‍ വിസമ്മതിച്ചുകൊണ്ട് പ്രതിപക്ഷ നേതൃത്വത്തിലുള്ള പാര്‍ലമെന്റുമായി ഏറ്റുമുട്ടിയതിനെത്തുടര്‍ന്നാണ് അദ്ദേഹം ഡിസംബര്‍ 27 ന് ഇംപീച്ച് ചെയ്യപ്പെട്ടത്.
കോടതിയിലെ എട്ട് ജഡ്ജിമാര്‍ 7-1 വോട്ടിനാണ് ഹാന്റെ ഇംപീച്ച്മെന്റ് തള്ളിക്കളഞ്ഞത്. ഇംപീച്ച്മെന്റ് പ്രമേയം പൂര്‍ണ്ണമായും തള്ളിക്കളയാന്‍ രണ്ട് ജഡ്ജിമാര്‍ വോട്ട് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു.
സൂവിനെ ഇംപീച്ച് ചെയ്തതിനുപിന്നാലെ, ദക്ഷിണകൊറിയന്‍ നിയമപ്രകാരം ധനമന്ത്രി ചൊയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തിരുന്നു.