കണ്ണൂര്‍ : സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2019ലാണ് എം വി ജയരാജന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്. പിന്നീട് 2021-ല്‍ ജയരാജന്‍ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും മത്സരിച്ചെങ്കിലും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് എം വി ജയരാജന്‍ പരാജയപ്പെട്ടിരുന്നു.
പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവര്‍ പുതിയ ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി. എം.വി നികേഷ് കുമാറും സിപിഐഎം ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പില്‍ ജില്ലാ സമ്മേളനം നടക്കവെയാണ് പുതിയ തിരഞ്ഞെടുപ്പുകള്‍ നടന്നത്.
എം വി നികേഷ് കുമാര്‍, കെ അനുശ്രീ, പി ഗോവിന്ദന്‍, കെപിവി പ്രീത, എന്‍ അനില്‍ കുമാര്‍, സി എം കൃഷ്ണന്‍, മുഹമ്മദ് അഫ്‌സല്‍, സരിന്‍ ശശി, കെ ജനാര്‍ദ്ദനന്‍, സി കെ രമേശന്‍ എന്നിവരടക്കം 10 പുതുമുഖങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.