‘ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ആശയ പോരാട്ടത്തിൽ വൻ വീഴ്ച, പിബി അംഗങ്ങൾക്കും നിയന്ത്രണം വരും’; സിപിഎം പാർട്ടി കോൺഗ്രസിന് കൊടിയുയരാൻ മണിക്കൂറുകൾ മാത്രം

മധുര: സി പി എമ്മിന്‍റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് കൊടിയുയരാൻ ഇനി മണിക്കൂറുകൾ മാത്രം. പാർട്ടി കോൺഗ്രസിന് മധുരയിൽ ബുധനാഴ്ചയാണ് തുടക്കമാകുക. സീതാറാം യെച്ചൂരി നഗറിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തുന്ന തോടുകൂടി പാർട്ടി കോൺഗ്രസിന് തുടക്കമാവും. പുതിയ ജനറൽ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് തന്നെയായിരിക്കും പാർട്ടി കോൺഗ്രസിനെ ശ്രദ്ധേയമാക്കുക. എം എ ബേബിയും മഹാരാഷ്ട്രയിൽ നിന്നുള്ള അശോക് ദാവലെയുമാണ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്താൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നവർ. എന്നാൽ അവസാന നിമിഷം അപ്രതീക്ഷിത തീരുമാനങ്ങളുണ്ടാകുമോ എന്നതും കണ്ടറിയണം.

അതേസമയം പാർട്ടി കോൺഗ്രസിലെ സംഘടനാ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. സി പി എമ്മിൽ പാർലമെന്ററി വ്യാമോഹം കൂടുന്നുവെന്നും അത് വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നുവെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ആശയ പോരാട്ടത്തിൽ വൻ വീഴ്ച വന്നെന്നും അവലോകന റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ടെന്നാണ് വിവരം. പാർട്ടിയിലേക്ക് യുവാക്കൾ വരുന്നില്ലെന്നും സി പി എം സ്വയം വിമർശനമായി ചൂണ്ടികാട്ടുന്നുണ്ട്. പി ബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തുമെന്നും പാർട്ടി കോൺഗ്രസ്സ് ഉയർത്തുന്ന ദൗത്യങ്ങൾ പി ബി അംഗങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വ്യക്തമാകുന്നത്.

അതിനിടെ പാർട്ടി കോൺഗ്രസിന് മുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗവും കേന്ദ്ര കമ്മിറ്റിയും ഇന്ന് മധുരയിൽ ചേർന്നു. പ്രസീഡിയം കമ്മിറ്റിയിൽ കേരളത്തിൽ നിന്നും പുത്തലത്ത് ദിനേശനെ തെരഞ്ഞെടുത്തു. പാർട്ടി കോൺഗ്രസ്സിൽ രാഷ്ട്രീയ പ്രമേയം പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് അവതരിപ്പിക്കും. സംഘടന റിപ്പോർട്ട് പി ബി അംഗം ബി വി രാഘവലുവാകും അവതരിപ്പിക്കും.

നേരത്തെ സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മധുരയിലെത്തിയിരുന്നു. മധുര മാരിയറ്റ് ഹോട്ടൽ ഇനിയുള്ള ആറു ദിവസം മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആയി പ്രവർത്തിക്കുമെന്നാണ് വ്യക്തമാകുന്നത്.
മുഖ്യമന്ത്രിക്കൊപ്പം ഒമ്പത് മന്ത്രിമാരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി മധുരയിലെത്തി. പി ബിയിലേക്ക് കേരളത്തിൽ നിന്ന് കൂടുതൽ പേർ വേണ്ട എന്നാണ് തീരുമാനം എങ്കിലും വനിത പ്രാധിനിധ്യം കൂട്ടാൻ തീരുമാനിച്ചാൽ കെ കെ ശൈലജ എത്തിയേക്കും. അതേസമയം സി പി എമ്മിന് വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകുമെന്ന പ്രചാരണം തള്ളിയ ബ്രിന്ദ കാരാട്ട് പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയും എന്നും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസ് പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകിയിരുന്നു. തുടർന്നും ഇളവ് നൽകുന്നതിൽ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും. ബംഗാൾ ഘടകത്തിന് അസ്വാരസ്യം ഉണ്ടെങ്കിലും പി ബിയിൽ എതിർക്കാൻ ഇടയില്ല. മണിക് സർക്കാർ സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, പി രാമകൃഷ്ണൻ, ബ്രിന്ദ കാരാട്ട് അടക്കം നേതൃ നിരയിൽ നിന്ന് 7 പേര് ഇക്കുറി ഒഴിഞ്ഞേക്കുമെന്നാണ് വ്യക്തമാകുന്നത്. പകരം കേന്ദ്ര നേതൃത്വത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന മലയാളി വിജു കൃഷ്ണൻ, യൂ വാസുകി, മറിയം ദാവളെ, ബംഗാളിൽ നിന്ന് സുജൻ ചക്രവർത്തി, ത്രിപുരയിൽ നിന്ന് മണിക്ക് സർക്കാരിന്റെ പകരക്കാരൻ ആയി ജിതേന്ദ്ര ചൗധരി, സുഭാഷിണി അലിക്ക് പകരം കേരളത്തിൽ നിന്ന് വനിതയെ പരിഗണിച്ചാൽ കെ കെ ശൈലജയും പി ബിയിൽ എത്തിയേക്കും.

More Stories from this section

family-dental
witywide