‘അവർ കമ്യൂണിസ്റ്റുകാർ’, ഒപ്പമുണ്ട് ഈ പാർട്ടി! പെരിയ കേസിൽ ശിക്ഷിക്കപ്പെട്ടവരെ നേരിൽ കാണാനെത്തി ജില്ലാ സെക്രട്ടറി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയിലെത്തി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ നേരിൽ കണ്ടു. കമ്യൂണിസ്റ്റുകാരായതിനാലാണ് അവരെ കാണാന്‍ വന്നതെന്ന് പ്രതികളെ കണ്ട ശേഷം മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരെന്ന് കോടതിയാണ് പറഞ്ഞത്. അതില്‍ മറിച്ചൊരു അഭിപ്രായം പറയുന്നില്ല. പക്ഷേ ഇനിയും കോടതിയുണ്ടല്ലോയെന്നും മോഹനൻ കൂട്ടിച്ചേർത്തു. അപ്പീല്‍ നല്‍കുന്ന കാര്യം കാസര്‍കോട്ടെ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വിവരിച്ചു.

അതിനിടെ പെരിയ കേസിലെ ശിക്ഷ വിധിയോട് പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. പൊലീസ് കണ്ടെത്തിയതിനപ്പുറമൊന്നും കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്നാണ് എംവി ഗോവിന്ദന്‍ കോട്ടയത്ത് പറഞ്ഞത്. പാര്‍ട്ടി ഗൂഢാലോചനയില്‍ ഉണ്ടായ കൊലപാതകം അല്ലെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. എന്നാല്‍ തുടക്കം മുതല്‍ സിപിഎം ഗുഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ശ്രമിച്ചത്. വിധി ന്യായങ്ങള്‍ പരിശോധിച്ച് മറ്റ് ഉയര്‍ന്ന കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. രാഷ്ട്രീയമായ ലക്ഷ്യത്തോടെ സിപിഎമ്മിനെ ഈ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച നിലപാടിനെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം വിധിയിൽ തൃപ്തരല്ലെന്ന പ്രതികരണവുമായാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം രംഗത്തെത്തിയത്. പ്രത്യേക കോടതിയുടെ ശിക്ഷാവിധിയില്‍ തൃപ്തരല്ലെന്നു ഇരുവരുടേയും കുടുംബവും കോണ്‍ഗ്രസും പ്രതികരിച്ചു. ആദ്യ 8 പ്രതികള്‍ക്കു വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെന്നും കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണെന്നും ഇവര്‍ക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്നും കുടുംബം വിവരിച്ചു. അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം അറിയിക്കാമെന്നും കുടുംബങ്ങള്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide