
തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് അസാധാരണ വിലക്കേർപ്പെടുത്തി സിപിഎം കേരളഘടകം.
കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻകഴിയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ശ്രീമതി പങ്കെടുത്തിരുന്നു. യോഗം തുടങ്ങുമ്പോൾ പിണറായി, ഇത് പാടില്ലെന്നും ഇവിടെ നിങ്ങൾക്ക് പ്രത്യേക ഇളവൊന്നും നൽകിയിട്ടില്ലെന്നും ശ്രീമതിയോട് പറഞ്ഞു.
എന്നാൽ, ജനറൽ സെക്രട്ടറി എം.എ. ബേബിയുമായും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമായും സംസാരിച്ചപ്പോൾ യോഗത്തിൽ പങ്കെടുക്കുന്നതിന് വിലക്കൊന്നും അറിയിച്ചിരുന്നില്ലെന്ന് ശ്രീമതി മറുപടി പറഞ്ഞു.
മധുര പാർട്ടികോൺഗ്രസിൽ ശ്രീമതിക്ക് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കും കശ്മീരിൽനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇതേ ഇളവ് ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റ് യോഗം തുടങ്ങുമ്പോൾ ഇവിടെ നിങ്ങൾക്ക് പ്രത്യേക ഇളവൊന്നും നൽകിയിട്ടില്ലെന്ന് ശ്രീമതിയോട് പിണറായി പറഞ്ഞു.
പാർട്ടി കോൺഗ്രസിൽ പ്രായപരിധിയിൽ നൽകിയ ഇളവ് കേന്ദ്രകമ്മിറ്റിക്കുമാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മറ്റാരും ഒന്നും പറഞ്ഞില്ല. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ ശ്രീമതി പങ്കെടുത്തില്ല. എന്നാൽ, ശനിയാഴ്ച സംസ്ഥാനകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയിൽനിന്ന് പ്രായപരിധികാരണം പുറത്തായവരെ സംസ്ഥാനസമിതിയിൽ ക്ഷണിതാക്കളാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എ.കെ. ബാലനടക്കം ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആ പരിഗണനയിലാണ് ശ്രീമതിക്കും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവസരം നൽകിയത്. കേരളത്തിലെ കേന്ദ്രകമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാനത്ത് പ്രത്യേകം പാർട്ടി ചുമതല ഏൽപ്പിക്കാറുണ്ട്. ശ്രീമതിക്ക് അത്തരമൊരു ചുമതലയും നൽകേണ്ടതില്ലെന്നാണ് ധാരണ.
CPM imposes extraordinary ban on PK Sreemathi