കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പി.പി.ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. എം.ഡി.എമ്മിനെതിരെ ദിവ്യ നടത്തിയ പ്രസംഗവും തെറ്റായ നടപടിയായാണ് വിലയിരുത്തിയിരിക്കുന്നത്. നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കാതെ എത്തിയതിനെയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. ദിവ്യയുടെ നടപടി പാർട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് പാർട്ടി വിലയിരുത്തൽ.
സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച് പറയുന്ന ഭാഗത്താണ് പി.പി.ദിവ്യക്കെതിരെയുള്ള വിമര്‍ശനം. എന്തുകൊണ്ടാണ് ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്നും അതിലേക്ക് നയിച്ച സാഹചര്യവുമെല്ലാം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
ക്ഷണിക്കാത്ത വേദിയിലെത്തി ഇത്തരത്തിലുള്ള പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റും നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പി.പി.ദിവ്യയുടേത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്ന് ജില്ലാ സമ്മേളനത്തിലും നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പി.പി ദിവ്യക്കെതിരായ നടപടി മാധ്യമ വാര്‍ത്തകള്‍ക്ക് അനുസരിച്ചായിരുന്നു എന്ന പ്രതിനിധികളുടെ വിമര്‍ശനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദിവ്യക്കെതിരായ നടപടി ശരിയായ രീതിയില്‍ തന്നെയായിരുന്നു കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിന് പകരം ഒറ്റയ്ക്ക് ഇടപെടുന്ന രീതിയാണ് ഉണ്ടായത്. വിളിക്കാത്ത പരിപാടിക്ക് പോയി ഈ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത് ശരിയായില്ല. ഇതൊക്കെ പാര്‍ട്ടി അന്വേഷിച്ച് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞിരുന്നു.
CPM Kannur district conference says PP Divya’s action cannot be justified