എഐ ടെക്നോളജി മൂത്തു മൂത്തു വളർന്നാൽ മാർക്സിസത്തിനാണ് പ്രസക്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എ ഐ സാങ്കേതിക വിദ്യയുടെ വളർച്ച സോഷ്യലിസത്തിന് മുതല്‍ക്കൂട്ടാവുമെന്നും മാർക്സിസത്തിന്റെ പ്രസക്തി വർധിക്കുമെന്നും ഗോവിന്ദൻ മാഷ് പറഞ്ഞു. എഐവളർന്നാല്‍ പിന്നെ സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കും. ഈ സാഹചര്യത്തില്‍ മാർക്സിസത്തിന് കാര്യമായ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ തളിപ്പറമ്ബ് ഏരിയ കമ്മറ്റി ഓഫിസില്‍ ചുമർ ശില്‍പ സ്മാരകം ഉദ്ഘാടനം ചെയ്യവേയാണ് സിപിഎം സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.
എ.ഐ വരുന്നതോടെ മനുഷ്യന്‍റെ അധ്വാനം 60 ശതമാനം കുറയും. മുതലാളിത്തത്തിന്‍റെ ഉൽപ്പന്നം വാങ്ങാൻ ആളില്ലാതാകും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറഞ്ഞ് സോഷ്യലിസത്തിലേക്ക് എത്തുമെന്നും എം.വി. ഗോവിന്ദൻ വിവരിച്ചു.
അതേസമയം സോഷ്യൽ മീഡിയയിലാകെ ഗോവിന്ദൻ മാഷിന്റെ എഐ സിദ്ധാന്തം ചർച്ചയായിട്ടുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.