മൂന്നാം ‘ഇടത് സർക്കാരിൽ’ കണ്ണുവച്ച് സിപിഎം സമ്മേളനം, നവകേരള പുതു വഴി തേടി പിണറായിയുടെ നയ രേഖ; പ്രവർത്തന റിപ്പോർട്ടിൽ ഇപിക്കും സജിക്കും വിമർശനം, ലീഗും ചർച്ചാ വിഷയം

കൊല്ലം: ഇടതു മുന്നണിക്ക് മൂന്നാം തുടർ ഭരണ സാധ്യതകൾ തേടി സി പി എം സംസ്ഥാന സമ്മേളനം കൊല്ലത്ത് പുരോഗമിക്കുന്നു. നവകേരളത്തിന് പുത്തൻ വഴികൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ നയ രേഖ അവതരിപ്പിച്ചു. രണ്ട് മണിക്കൂറോളം നീണ്ട അവതരണത്തിൽ രണ്ടാം പിണറായി സർക്കാരിന്‍റെ നേട്ടങ്ങളാണ് മുഖ്യമന്ത്രി എണ്ണിഎണ്ണി പറഞ്ഞത്. കിഫ്ബിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചും വരുമാന വ‍‍‍‍ർദ്ധനവിന് പുതിയ വഴികൾ തേടുന്നതുമാണ് നയ രേഖ എന്നതും ശ്രദ്ധേയമായി. സർക്കാരിന്‍റെ നേട്ടങ്ങളുടെ പ്രോഗ്രസ് കാർഡ് എന്ന നിലയിൽ കൂടിയായിരുന്നു മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ. ഭാവി കേരളത്തിനായി നിക്ഷേപങ്ങൾ അടക്കം ആകർഷിക്കാനുള്ള കാഴ്ചപ്പാടുകളടക്കം പിണറായി വിവരിച്ചു. ആറ് ഭാഗങ്ങൾ ചേർന്നതാണ് നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന നയരേഖ. കൂടുതൽ തൊഴിലവസരങ്ങൾ ഒപ്പം കേന്ദ്രത്തിന്‍റെ പ്രതികൂല നടപടികൾ മറികടന്ന് സ്വന്തം നിലയിൽ വരുമാനമുയർത്താനുള്ള വിഭവ സമാഹരണം അങ്ങനെ നിരവധി പ്രഖ്യാപിത ലക്ഷ്യങ്ങളാണ് നയരേഖ മുന്നോട്ട് വച്ചിരിക്കുന്നത്.

അതേസമയം തെറ്റുതിരുത്തലിന് ആക്കം പോരെന്ന് ഓര്‍മ്മിപ്പിച്ചും സംഘടനാ വീഴ്ചകളെണ്ണിപ്പറഞ്ഞുമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇ പി ജയരാജന്റെയും സജി ചെറിയാന്റെയും പേരെടുത്ത് പറഞ്ഞ് വീഴ്ചകൾ എടുത്ത് പറയുന്ന റിപ്പോർട്ടിൽ ചില നേതാക്കൾക്ക് റിയൽ എസ്റ്റേറ്റ് ബന്ധമെന്ന ഗുരുതര ആക്ഷേപവുമുണ്ട്. സഹകരണ ബാങ്കുകളിലുണ്ടായ പ്രതിസന്ധിക്ക് സഖാക്കളുടെ ക്രമക്കേടും കാരണമെന്ന വിമർശനവും പ്രവർത്തന റിപ്പോർട്ടിലുണ്ട്. രാഷ്ട്രീയമായും സംഘടനാപരമായും കരുത്താര്‍ജ്ജിച്ച കേരളത്തിലെ പാര്‍ട്ടിയാണ് സി പി എമ്മിന്‍റെ ദേശീയ മുഖമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രകാശ് കാരാട്ട് ഓര്‍മ്മിപ്പിച്ചു.

നാളെ പ്രവർത്തന റിപ്പോര്‍ട്ടിൽ വിശദമായ ചര്‍ച്ച നടക്കും. മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിൽ ചര്‍ച്ച എട്ടിനാണ്. എട്ടാം തീയതി വൈകീട്ട് പ്രവര്‍ത്തന സംഘടനാ റിപ്പോട്ടിൻമേലുള്ള ചര്‍ച്ചകക്ക് എം വി ഗോിന്ദൻ മറുപടി നൽകും. ഒമ്പതിന് രാവിലെയാണ് നയരേഖ ചര്‍ച്ചയിൽ മുഖ്യമന്ത്രിയുടെ മറുപടി. ശേഷമാകും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തുകൊണ്ട് സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുക.

അതേസമയം സി പി എം സംസ്ഥാന സമ്മേളനത്തിൽ ലീഗിന്‍റെ പ്രസക്തിയും ചർച്ചയാകുന്നുണ്ട്. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു എന്ന് സെക്രട്ടറി എം വി ഗോവിന്ദൻ തന്നെയാണ് പറഞ്ഞത്. ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നതിന്‍റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു ഡി എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

More Stories from this section

family-dental
witywide