അപ്രതീക്ഷിത വിയോഗം, സിപിഎം കോട്ടയം ജില്ലാസെക്രട്ടറി എ വി റസൽ അന്തരിച്ചു; അനുശോചിച്ച് രാഷ്ട്രീയ കേരളം

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ (62) അന്തരിച്ചു. അർബുദ ബാധിതനായ റസൽ ചെന്നൈ അപ്പോളോ ആശുപത്രിയിലെ ശസ്‌ത്രക്രിയയ്ക്ക്‌ ശേഷം വിശ്രമത്തിലിരിക്കെ ഹൃദയാഘാതം മൂലമാണ്‌ മരണപ്പെട്ടത്. ആറ്‌ വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. സെക്രട്ടറിയായിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്. പാമ്പാടിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ വെച്ച് കഴിഞ്ഞ ദിവസം രണ്ടാം തവണയും കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എ വി റസലിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവർ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തി രംഗത്തെത്തി. ജനങ്ങള്‍ക്കാകെ സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നു റസലെന്നും അദ്ദേഹത്തിന്‍റെ വിയോഗം പാര്‍ട്ടിക്ക് കനത്ത പ്രയാസമുണ്ടാക്കുന്നതാണെന്നുമാണ് പിണറായി വിജയന്‍ അനുശോചിച്ചത്. കോട്ടയം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമായിരുന്നു റസല്‍ നിര്‍വഹിച്ചത്. ജനങ്ങള്‍ക്കാകെ സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിയുടെ നല്ലൊരു വാഗ്ദാനവുമായിരുന്നു റസല്‍. അദ്ദേഹത്തിന്റെ സംഘടനാ മികവ് കോട്ടയത്തെ പാര്‍ട്ടിയെ നല്ല നിലയില്‍ വളര്‍ത്തുകയായിരുന്നു. ആഘട്ടത്തെ വിയോഗം പാര്‍ട്ടിക്ക് കനത്ത പ്രയാസമുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് പിണറായി പറഞ്ഞു.

വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് എ വി റസൽ രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. സിഐടിയു അഖിലേന്ത്യാ വർക്കിങ്‌ കമ്മിറ്റി അംഗമാണ്‌. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടിൽ അഡ്വ. എ കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകൾ: ചാരുലത. മരുമകൻ: അലൻ ദേവ്.

More Stories from this section

family-dental
witywide