ആവേശം ചെങ്കടലോളം, ചുവന്ന് തുടുത്ത് കൊല്ലം; വാനിലുയർന്ന് പാറി ചെമ്പതാക, സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം, പിണറായിക്ക് പ്രായപരിധിയിൽ ഇളവുണ്ടാകുമോ?

കൊല്ലം: കൊല്ലത്തെ ചെങ്കടലാക്കി സി പി എം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത്‌ (സീതാറാം യെച്ചൂരി നഗർ) സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തിയതോടെയാണ് സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. നാളെയാകും പ്രതിനിധി സമ്മേളനം ആരംഭിക്കുക. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (സി കേശവൻ സ്‌മാരക ടൗൺഹാൾ) നാളെ രാവിലെ ഒമ്പതിന്‌ പതാക ഉയരും. പൊളിറ്റ്‌ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ – ഓർഡിനേറ്ററുമായ പ്രകാശ്‌ കാരാട്ട്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യും.

ഞായറാഴ്‌ച വൈകിട്ട് ആശ്രാമം മൈതാനത്താണ് (സീതാറാം യെച്ചൂരി നഗർ) പൊതുസമ്മേളനം നടക്കും. മൂന്നു പതിറ്റാണ്ടിന് ശേഷം എത്തിയ സമ്മേളനത്തെ കൊല്ലം ആവേശത്തോടെയാണ് സ്വീകരിച്ചത്. വിവിധ കേന്ദ്രങ്ങളിൽ ജനക്കൂട്ടങ്ങളുടെ ആവേശ്വോജ്വലമായ സ്വീകരണം ഏറ്റുവാങ്ങിയാണ് സമ്മേളന ന​ഗരിയിലേക്കുള്ള ജാഥകൾ എത്തിയത്. സമ്മേളനത്തെ ഹൃദയത്തിലേറ്റെടുത്തിരിക്കുകയാണ് കൊല്ലം ജനതയൊന്നാകെ. സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ മത്സരങ്ങളും തൊഴിലാളി സംഗമങ്ങളും വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനത്തിൻ്റെ അവസാന ദിനമായ 9 ന് 25000 റെഡ് വോളൻ്റിയർമാർ അടക്കം രണ്ടര ലക്ഷം പേർ അണിനിരക്കുന്ന റാലി നടക്കും.

75 വയസ്സെന്ന പ്രായപരിധി കർശനമായി നടപ്പാക്കാൻ ഉറപ്പിച്ചാണ് സിപിഎം കൊല്ലം സമ്മേളന നടപടികളിലേക്ക് കടക്കുന്നത്. എകെ ബാലനും ആനാവൂർ നാഗപ്പനും പികെ ശ‌്രീമതിയുമടക്കം മുതിർന്ന തലമുറ ഇത്തവണ പാർട്ടി പദവി ഒഴിയും. സമ്മേളന കാലത്ത് 75 തിരയാത്തത് കൊണ്ട് ഇപി ജയരാജനും ടിപി രാമകൃഷ്ണനും നേതൃനിരയിൽ തുടരുമെന്നും ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് തന്നെ ഇളവ് നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന സമ്മേളനവും ഇളവ് നൽകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide