
കൊല്ലം: കുടിയന്മാരെ പാർട്ടിയിൽ നിന്നും കുടിയൊഴിപ്പിക്കുമോ സി പി എം. ഒരു കണ്‍ഫ്യൂഷനും ഗോവിന്ദൻ മാഷിനില്ല. മാഷ് വടിയെടുത്ത് കഴിഞ്ഞു. മദ്യപാനികളൊന്നും സി പി എമ്മിൽ വേണ്ടെന്ന് അർത്ഥശങ്കക്കിടമില്ലാതെയാണ് സി പി എം സംസ്ഥാന സെക്രട്ടറി ഇന്ന് പ്രഖ്യാപിച്ചത്. മദ്യപിക്കരുത് എന്നതാണ് പാർട്ടി നിലപാടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കും. തങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും സി പി എം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സെക്രട്ടറി വ്യക്തമാക്കി.
ജീവിതത്തിൽ ഇന്നേവരെ ഒരു തുള്ളി കഴിച്ചിട്ടില്ലെന്നു പറയാൻ കഴിയുന്ന എത്ര ആളുകളുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി ചോദിച്ചു. ആ ഷാപ്പിൽ കണ്ടു, ഈ ഷാപ്പിൽ കണ്ടു എന്ന് ഞങ്ങളെക്കുറിച്ച് ആരും പറയാറില്ല. മദ്യപിക്കില്ല, പുകവലിക്കില്ല എന്ന ദാർശനികമായ ധാരണയിൽനിന്ന് വന്നവരാണ് ഞങ്ങളെല്ലാമെന്ന് അഭിമാനത്തോടെ പറയുന്നു. മദ്യപാനം ഉൾപ്പെടെയുള്ള വിപത്തിനെ അതിശക്തമായി എതിർക്കുമെന്നും സംഘടനാപരമായി നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമാക്കുമെന്നും സംസ്ഥാന സെക്രട്ടറി വിവരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം കൂട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 75 വയസ്സ് എന്ന പ്രായപരിധി കർശനമായി പാലിച്ചാകും സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുക. സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് ഇപ്പോൾ തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.