തിങ്കളാഴ്ച നിർണായകം! പാലക്കാട്‌ ബിജെപിയിലെ പൊട്ടിത്തെറിയിൽ എന്ത് സംഭവിക്കും, സന്ദീപ് വാര്യറിലൂടെ കോൺഗ്രസ്‌ ഭരണം നേടുമോ? ഒന്നും സംഭവിക്കില്ലെന്ന് സുരേന്ദ്രൻ

പാലക്കാട്: യുവമോര്‍ച്ച ജില്ലാ അധ്യക്ഷനെ പാലക്കാട് ബി ജെ പി ജില്ലാ പ്രസിഡന്‍റാക്കാനുള്ള നീക്കത്തില്‍ പാലക്കാട്ടെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ ഉള്‍പ്പെടെ 9 കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കുമെന്ന് പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ തിങ്കളാഴ്ച ഉച്ചയോടെ രാജിക്കത്ത് കൈമാറുമെന്നാണ് നിലപാട്. നഗരസഭയിലെ ബി ജെ പി ഭരണമടക്കം തുലാസിലാക്കിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പ്രശാന്ത് ശിവനെ ജില്ല പ്രസിഡന്‍റ് ആക്കാനുള്ള തീരുമാനമാണ് പ്രതിസന്ധി തുടങ്ങിവച്ചത്. ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി കൃഷ്ണകുമാറിന്‍റെ ബെനാമിയായ പ്രശാന്ത് ശിവനെ അംഗീകരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിമതർ. പാലക്കാട് ബി ജെ പിയിലെ പ്രതിസന്ധി ‘സന്ദീപ് വാര്യർ’ ഓപ്പറേഷനിലൂടെ ഗുണമാക്കാമെന്ന ചിന്തയിലാണ് കോൺഗ്രസ്.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെയുണ്ടായ ബി.ജെ.പിയിലെ കലഹം പാരമ്യത്തിലേക്ക് എത്തുകയാണ്. സി.കൃഷ്ണകുമാര്‍ പക്ഷക്കാരനായ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ മാനദണ്ഡജം മറികടന്ന് ബി.ജെ.പി പാലക്കാട് ഈസ്റ്റ് പ്രസിഡന്‍റാക്കാന്‍ നീക്കം തുടങ്ങിയതിലാണ് പരസ്യ പ്രതിഷേധം. പട്ടികയില്‍പ്പെടാത്ത നേതാവിനെ വ്യക്തി താല്‍പര്യം കൊണ്ട് മാത്രം തിരുകിക്കയറ്റാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് കാട്ടിയാണ് ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ യോഗം ചേര്‍ന്നത്. എന്‍.ശിവരാജന്‍, ഇ.കൃഷ്ണദാസ്, പ്രമീള ശശിധരന്‍ തുടങ്ങിയ കൗണ്‍സിലര്‍മാരും ബി.ജെ.പിയിലെ പ്രധാന നേതാക്കളും പങ്കെടുത്തു. രാജിവയ്ക്കുമെന്ന മുന്നറിയിപ്പ് നേതൃത്വത്തെ അറിയിച്ചെങ്കിലും പിന്നീട് പറയാമെന്നായിരുന്നു യോഗത്തിന് ശേഷമുള്ള നേതാക്കളുടെ പ്രതികരണം. തീരുമാനത്തിൽ നിന്ന് സംസ്ഥാന നേതൃത്വം പിന്നോട്ട് പോയില്ലെങ്കിൽ ഇന്ന് നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകും. അങ്ങനെയെങ്കിൽ പാലക്കാട് നഗരസഭയിലെ ബി ജെ പി ഭരണത്തിനും അന്ത്യമാകും.

ആകെ 52 അംഗങ്ങളുളള നഗരസഭയിൽ ബി ജെ പി 28, യു ഡി എഫ് 16, വെൽഫെയർ പാർട്ടി 1, എൽ ഡി എഫ് 7 എന്നിങ്ങനെയാണ് കക്ഷിനില. വിമത ശബ്ദമുയർത്തിയ കൗൺസിലർമാർ രാജിവെക്കുകയാണെങ്കിൽ നഗരസഭയുടെ ഭരണം ബി ജെ പിക്ക് നഷ്ടമാകും. ഇടഞ്ഞ് നിൽക്കുന്നവരെ മറുകണ്ടം ചാടിക്കാൻ സന്ദീപ് വാര്യറെ മുൻനിർത്തിയുള്ള കോൺഗ്രസ് നീക്കം സജീമാണ്. എന്നാൽ സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുക എന്നതിനപ്പുറം പാർട്ടി വിടാനുളള തീരുമാനം അംഗങ്ങൾ എടുക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടേയും അനുമതിയോടെയാണ് എല്ലാ ജില്ലാ പ്രസിഡന്‍റുമാരെയും തീരുമാനിച്ചതെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. അതിനെതിരായി ആരെങ്കിലും സംസാരിച്ചാൽ അവർ പാർട്ടിക്ക് പുറത്തായിരിക്കുമെന്നും പാലക്കാട് നഗരസഭയിൽ ഒന്നും സംഭവിക്കില്ലെന്നും സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide