![](https://www.nrireporter.com/wp-content/uploads/2024/12/flight.jpg)
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന വിമാനം ഇനി ഇന്ത്യയിൽ ഇറക്കാൻ അനുമതി നൽകില്ല. ബിജെപിക്കുള്ളിൽ തന്നെ വിമർശനം ഉയര്‍ന്നതോടെയാണ് കേന്ദ്രത്തിന്‍റെ ഈ നീക്കം. മോദി – ട്രംപ് കൂടിക്കാഴ്ച കഴിയുന്നത് വരെ ഇനി തിരിച്ചയക്കൽ നടപടികൾ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടക്കുന്ന ചർച്ച വരെ കൂടുതല്‍ നടപടികൾ ഉണ്ടാകില്ലെന്നാണ് വിവരം. എന്നാൽ യുഎസിന്‍റെ സൈനിക വിമാനങ്ങൾ തടയുമോ എന്ന കാര്യത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി നിലപാട് എടുത്തിട്ടില്ല.
അതേസമയം, അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്ക തിരികെ നാട്ടിലെത്തിച്ചതിലെ മനുഷ്യത്വരഹിതമായ രീതിക്കെതിരെ കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് ആരംഭിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചത് ക്രൂരമായ രീതിയിലെന്ന് അമേരിക്കയിൽ നിന്നെത്തിയവർ വെളിപ്പെടുത്തിയിരുന്നു. 40 മണിക്കൂറിലധികമുണ്ടായ സൈനിക വിമാനത്തിലെ യാത്രയില്‍ കൈകാലുകളില്‍ വിലങ്ങണിയിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഭക്ഷണം പോലും കൃത്യമായി കഴിക്കാന്‍ സാധിച്ചില്ലെന്നും രാജ്യത്ത് തിരിച്ചെത്തിയവർ പറഞ്ഞിരുന്നു.
104 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കൻ യുദ്ധ വിമാനം അമൃത്സർ വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്തത്. ഇന്ത്യക്കാരെ കൈവിലങ്ങിട്ടും കാല്‍ ബന്ധിച്ചും അമേരിക്കന്‍ സൈനികവിമാനത്തില്‍ എത്തിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.