നീതി തേടിയുള്ള പോരാട്ടത്തിൽ ഷീല സണ്ണിക്ക് വലിയ ആശ്വാസം! വ്യാജ ലഹരിക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം

തൃശൂർ: വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ സംരംഭക ഷീല സണ്ണിക്ക് സർക്കാർ വക ആശ്വാസ തീരുമാനം. കേസ് അന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഡി വൈ എസ്‌ പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വാജ്യ മയക്കുമരുന്ന് കേസ് അന്വേഷിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്‍റെ മുൻകൂർജാമ്യാപേക്ഷ സുപ്രീംകോടതിയടക്കം നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാൽ പറയുകയും ഉണ്ടായി. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു എന്നാൽ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരിയും ബെംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിൻ്റെ സുഹൃത്തായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗിൽ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നൽകിയത്. മെഡ‍ിക്കൽ എക്സാമിനറുടെ പരാതിയിൽ ഇത് വ്യാജ എൽഎസ്‌ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി മാറുകയായിരുന്നു.

More Stories from this section

family-dental
witywide