
വാഷിംഗ്ടൺ: ആഭ്യന്തര കലാപം കൊണ്ട് ജനങ്ങൾ പട്ടിണിയിലായ സിറിയ ഉൾപ്പടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് യുഎന്നിന്‍റെ ലോക ഭക്ഷ്യ സഹായ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യസഹായം അവസാനിപ്പിച്ച നടപടി തിരുത്തി ട്രംപ് ഭരണകൂടം. അഫ്‌ഗാനിസ്ഥാൻ, യമൻ, സൊമാലിയ തുടങ്ങി 14 ദരിദ്ര രാജ്യങ്ങളിൽ ലക്ഷങ്ങളുടെ ജീവൻ നിലനിർത്തിയിരുന്ന പദ്ധതിക്കായിരുന്നു ട്രംപ് ഭരണകൂടത്തിന്‍റെ വെട്ട് വീണത്.
ലോകത്ത് ഏറ്റവുമധികം ഭക്ഷ്യ സഹായം എത്തിച്ചുകൊണ്ടിരുന്ന പദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചത് പട്ടിണിയിൽ കഴിയുന്നവർക്ക് വധശിക്ഷക്ക് തുല്യമാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതർ പറഞ്ഞിരുന്നു.
യുഎന്നിന്‍റെ ലോക ഭക്ഷ്യ സഹായ പദ്ധതിയായ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടം ധനസഹായം നൽകിവന്നത്. സഹായം സ്തംഭിപ്പിക്കുന്നത് ആഗോള സ്ഥിരതയെ മൊത്തത്തിൽ ബാധിക്കുന്ന ഒന്നാണെന്ന് ഡബ്ള്യു.എഫ്.പി മേധാവി സിൻഡി മക്കെയ്ൻ പ്രതികരിച്ചിരുന്നു.
എന്നാല്‍, 14 ദരിദ്ര രാജ്യങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ (WFP) അടിയന്തര സഹായപദ്ധതികൾക്കുള്ള വലിയ തോതിലുള്ള ധനസഹായം വെട്ടിക്കുറച്ച നടപടി ഭാഗികമായി മാറ്റിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ചൊവ്വാഴ്ച അറിയിച്ചു. ജീവൻ രക്ഷാ സഹായത്തിനായുള്ള ചില കരാറുകൾ തെറ്റായി അവസാനിപ്പിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. എത്ര തുകയുടെ വെട്ടിക്കുറവാണ് പിൻവലിച്ചതെന്ന് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കിയിട്ടില്ല.