
വാഷിംഗ്ടണ്‍ : ആഗോള സേവന തടസ്സങ്ങള്‍ക്കിടയില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിനുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് യുക്രെയ്നുമായി പങ്കുണ്ടെന്ന് സൂചന നല്കി ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനുശേഷം പ്ലാറ്റ്ഫോമില്‍ നിരവധി തടസ്സങ്ങള്‍ നേരിട്ടിരുന്നു. എക്സ് ഇടയ്ക്കിടയ്ക്ക് ഓഫ്ലൈനായി. ചില ഉപയോക്താക്കള്‍ക്ക് എക്സ് പോസ്റ്റുകള്‍ ലോഡ് ചെയ്യാനായില്ല. മറ്റുചിലര്‍ക്ക് ഇന്‍-ആപ്പ് സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ നേരിട്ടു. പിന്നീട് ഇലോണ്‍ മസ്ക് തന്നെ വിശദീകരണവുമായി എത്തുകയും എക്സിന് ആവര്‍ത്തിച്ച് സൈബറാക്രമണം നേരിടേണ്ടി വന്നെന്നു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
” എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയില്ല, പക്ഷേ യുക്രെയ്ന് പ്രദേശത്തുനിന്നുള്ള ഐപി വിലാസങ്ങളില്‍ നിന്ന് എക്സ് സിസ്റ്റം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു,” ഫോക്സ് ബിസിനസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മസ്ക് പറഞ്ഞതിങ്ങനെ. നിലവില്‍ പ്ലാറ്റ്ഫോമിന് ഭീഷണിയില്ലെന്നും മസ്ക് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയില്‍ യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തമ്മില്‍ വൈറ്റില്‍ ഹൗസില്‍വെച്ച് ചര്‍ച്ചയ്ക്കിടെ രൂക്ഷമായ വാക്പോരിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് യുക്രെയ്ന് സംഘത്തെ ട്രംപ് പുറത്താക്കുകയും ചെയ്തിരുന്നു. ആഗോള തലത്തില്‍ ഈ വിഷയം ചര്‍ച്ചയാകുകയും ചെയ്തിരുന്നു. പിന്നാലെയാണ് എക്സിനുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ യുക്രെയ്ന് ബന്ധം ആരോപിച്ച് മസ്ക് രംഗത്തുവന്നിരിക്കുന്നത്.