
ബ്രെസിലിയ : ചിത്രശലഭത്തിന്‍റെ ജഡം ശരീരത്തിൽ കുത്തിവെച്ച പതിനാലുകാരന് ദാരുണാന്ത്യം. ഡേവി ന്യൂസ് മൊറേറ എന്ന ബ്രസീലുകാരനാണ് മരിച്ചത്. ഏഴ് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയത്. കുത്തിവെയ്പ്പിന് ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതോടെ 14കാരൻ വിറ്റോറിയ ഡി കോൺക്വിസ്റ്റയിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വേദനയ്ക്കുള്ള കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍ കുഴഞ്ഞതോടെ ചത്ത ചിത്രശലഭത്തെ വെള്ളത്തിൽ കലക്കി കാലിൽ കുത്തിവച്ച കാര്യം കുട്ടി തന്നെ വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഏഴ് ദിവസത്തോളം അതികഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരിച്ചത്. കുട്ടിക്ക് രക്തം കട്ട പിടിക്കുന്ന അവസ്ഥയും അലർജിയും ഉണ്ടായിരുന്നതായി ആശുപത്രി അറിയിച്ചു. കുത്തിവെച്ച ശകലങ്ങളുടെ വലുപ്പത്തെക്കുറിച്ചും മിശ്രിതത്തിന്റെ അളവിനെക്കുറിച്ചുമൊന്നും വ്യക്തതയില്ല. കുത്തിവെപ്പിനിടയിൽ രക്തധമനികളിലേക്ക് വായു കയറിയതാവാം മരണകാരണമെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. രക്തധമനികളിലേക്ക് വായു പ്രവേശിച്ചാൽ രക്തം കട്ട പിടിക്കുകയും വേഗത്തിൽ മരണം സംഭവിക്കുകയും ചെയ്യും. അതേസമയം, വിചിത്രമായ ഈ സംഭവം ഏതെങ്കിലും വൈറൽ ചലഞ്ചിന്‍റെ ഭാഗമാണോ എന്ന പൊലീസ് സംശയിക്കുന്നുണ്ട്. മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവു എന്നും പൊലീസ് പറഞ്ഞു.