വവ്വാലിനെ കൊന്ന് തിന്ന മൂന്ന് കുട്ടികളിൽ ആദ്യം കണ്ടെത്തി; നിഗൂഡ രോഗത്തിന്‍റെ കാരണം കണ്ടെത്താനാവാതെ ലോകം, കോംഗോയിൽ മരണനിരക്ക് ഉയരുന്നു

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിഗൂഢ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. അഞ്ചാഴ്ചക്കിടെ 50 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രാജ്യത്തെ ഇക്വറ്റർ പ്രവിശ്യയിലെ വിദൂര ഗ്രാമങ്ങളിൽ ഇതുവരെ 431 കേസുകളും 53 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പടിഞ്ഞാറൻ കോംഗോയിൽ 1,096-ലധികം കേസുകളും 60 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ പ്രകടമായി 48 മണിക്കൂറിനകം മരണം സംഭവിക്കുകയാണ്.

വവ്വാലിനെ കൊന്ന് തിന്ന മൂന്ന് കുട്ടികളിലാണ് ആദ്യം നിഗൂഢ രോഗം കണ്ടെത്തിയത്. രോഗം പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നുവെന്നും കൃത്യമായ കാരണം അജ്ഞാതമായി തുടരുകയാണെന്നും ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസരെവിക് പറഞ്ഞു. പനി, ഛർദ്ദി, ആന്തരിക രക്തസ്രാവം, വയറിളക്കം, ശരീരവേദന, കടുത്ത ദാഹം, സന്ധി വേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗം ബാധിച്ച് മരിച്ച കുട്ടികൾക്ക് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതായാണ് അധികൃതർ പറയുന്നത്.

More Stories from this section

family-dental
witywide