‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ വിളി അത്ര രസിച്ചില്ല, കടുപ്പിച്ച് പിണറായി, തിരിച്ചടിച്ച് ചെന്നിത്തലയും സതീശനും; ‘ലഹരി മാഫിയ’ അടിയന്തര പ്രമേയ ചർച്ചയിൽ വാക്ക്പോര്

തിരുവനന്തപുരം: ലഹരി മാഫിയയെ കുറിച്ചുള്ള അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിൽ വാക്ക്പോര്. അടിയന്തര പ്രമേയം അവതരിപ്പിച്ച ചെന്നിത്തല ഇടയ്ക്കിടക്ക് ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് വിളിച്ച് അഭിസംബോധന ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചു. ഇത് ചൂണ്ടികാട്ടി മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തിരിച്ചടിച്ചതോടെ സഭയില്‍ രൂക്ഷമായ വാക്ക്‌പോരാണ് അരങ്ങേറിയത്.

താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങളെക്കുറിച്ചും നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് രമേശ് ചെന്നിത്തല ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് അഭിസംബോധന ചെയ്തത്. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ക്ഷോഭം പ്രകടിപ്പിച്ചു. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതോടെ മറുപടിയുമായി ചെന്നിത്തലയും രംഗത്തെത്തി. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. സര്‍ക്കാര്‍ എഴുതിത്തരുന്നത് പ്രസംഗിക്കാനല്ല താൻ വന്നതെന്ന് വ്യക്തമാക്കിയ ചെന്നിത്തല, 9 വര്‍ഷമായി പിണറായി സർക്കാർ ലഹരിക്കെതിരെ എന്ത് നടപടിയാണ് എടുത്തത്തെന്നും ചോദിച്ചു. കുട്ടികളുടെ ജീവിതം പുകഞ്ഞ് ഇല്ലാതാകുന്നുവെന്നും സമ്പൂര്‍ണമായി പരാജയപ്പെട്ട പദ്ധതിയാണ് വിമുക്തിയെന്നും ചെന്നിത്തല വിമർശിച്ചു.

മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന ചോദ്യവുമായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയത്. ‘നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി, നിങ്ങളാണ് അഭ്യന്തരവകുപ്പിന്റെ ചുമതലയുള്ളയാള്‍, നിങ്ങളെ കുറ്റപ്പെടുത്തും, കുറ്റപ്പെടുത്തുമ്പോൾ എന്തിനാണ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത്’ – എന്നായിരുന്നു സതീശന്‍റെ ചോദ്യം.

ഇതിന് പിന്നാലെ വിഷയത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അതിനുപകരം അനാവശ്യമായ കാര്യങ്ങള്‍ പറയുകയല്ല വേണ്ടതെന്നും പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. തീര്‍ത്തും അനാവശ്യമായ കാര്യങ്ങളാണ് പ്രതിപക്ഷം ഇവിടെ പറഞ്ഞുകൊണ്ടിരുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു.

Also Read

More Stories from this section

family-dental
witywide