
നോംപെൻ: 25 വർഷം മുൻപ് ഉപേക്ഷിക്കപ്പെട്ട ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കംബോഡിയയിലാണ് സംഭവം. സൈന്യവും ഗറില്ലാ പോരാളികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട ഗ്രനേഡ് ആണ് പൊട്ടിത്തെറിച്ചതെന്നും 25 വര്‍ഷം മുമ്പ് ഉപേക്ഷിച്ചതാണ് ഇതെന്നുമാണ് റിപ്പോർട്ടുകൾ. സിയെ റീപ് പ്രവിശ്യയിലെ സ്വേയ് ല്യൂ ജില്ലയുടെ പ്രാന്ത പ്രദേശത്താണ് ശനിയാഴ്ച വർഷങ്ങൾ പഴക്കമുള്ള ഗ്രെനേഡ് പൊട്ടിത്തെറിച്ചത്. 1980-90 കാലഘട്ടത്തിൽ കംബോഡിയയുടെ സൈന്യവും ഗറില്ല പോരാളികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ മേഖലയാണിത്.
അയൽവാസികളും ബന്ധുക്കളുമാണ് ഗ്രനേഡ് പൊട്ടി മരിച്ച കുട്ടികൾ. മാതാപിതാക്കൾ സമീപത്തെ വയലിൽ ജോലി ചെയ്യുന്ന സമയത്ത് വീടിന് സമീപത്തെ മരത്തണലിൽ കുട്ടികൾ കളിക്കുകയായിരുന്നു. ഇതിനിടയിൽ മണ്ണിനടിയിലുണ്ടായിരുന്ന ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. യുദ്ധം നടന്ന സ്ഥലമാണ് ഇതെന്നും കുട്ടികളുടെ മാതാപിതാക്കൾക്ക് ധാരണയില്ലായിരുന്നു. ഇവരുടെ വീടുകളുടെ അടിയിലായി മൈനുകൾ കാണാനുള്ള സാധ്യത ഉണ്ടെന്നാണ് കംബോഡിയ മൈൻ ആക്ഷൻ സെന്റർ ഡയറക്ടർ ജനറൽ ഹംഗ് രത്ത്ന പ്രതികരിച്ചത്.