
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിനു പിന്നാലെ അതൃപ്തി പരസ്യമാക്കി മുന്‍ എംഎല്‍എയും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാര്‍ രംഗത്ത്. ‘ചതിവ്……… വഞ്ചന……… അവഹേളനം …….52 വര്‍ഷത്തെ ബാക്കിപത്രം……….ലാല്‍ സലാം…….’ എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പത്മകുമാര്‍ അതൃപ്തി പ്രകടിപ്പിച്ചത്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടായാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സമിതിയില്‍ തന്നെ പരിഗണിക്കാത്തതിലെ പ്രതിഷേധമാണ് പത്മകുമാര്‍ പരസ്യമാക്കിയത്. ഇതിനൊപ്പം തന്നെ മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള നീരസവും പത്മകുമാറിന്റെ പരസ്യ പ്രതിഷേധത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തതോടെ ഉച്ചഭക്ഷണത്തിന് പോലും നില്‍ക്കാതെ പത്മകുമാര്‍ സമ്മേളന നഗരി വിട്ടതായും വിവരമുണ്ട്. അതേസമയം പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ പത്മകുമാര്‍ ഇത് പിന്‍വലിച്ചിട്ടുണ്ട്.