ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ പിഎ 5 ലക്ഷം രൂപയുമായി പിടിയില്‍, വോട്ടര്‍മാര്‍ക്ക് നല്‍കാനായിരുന്നുവെന്ന് ബിജെപി, തിരഞ്ഞെടുപ്പ് ചൂടേറി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് (പിഎ) 5 ലക്ഷം രൂപയുമായി പിടിയിലായി. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണമാണിതെന്ന് ബിജെപി അവകാശപ്പെട്ടു. ബുധനാഴ്ച രാവിലെ ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അതിഷിയുടെ പി.എ ഗൗരവ് പിടിയിലായത്.

എന്നാല്‍, ആം ആദ്മി പാര്‍ട്ടി ഈ ആരോപണം നിഷേധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്ന് അതിഷി പ്രതികരിച്ചു.

സംഭവത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോയില്‍ ഒരു കാറിനുള്ളില്‍ പണം നിറച്ച ബാഗും അതിന് പുറത്ത് ജീവനക്കാരനും നില്‍ക്കുന്നതും കാണാം. ഡല്‍ഹി സര്‍ക്കാരിലെ എംടിഎസില്‍ (മള്‍ട്ടി ടാസ്‌കിംഗ് ഡിപ്പാര്‍ട്ട്മെന്റ്) അതിഷിക്കുവേണ്ടിയാണ് താന്‍ ജോലി ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഗൗരവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് അതിഷിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് പങ്കജുമായി അയാള്‍ ബന്ധപ്പെട്ടിരുന്നതായും ഡല്‍ഹിയിലെ വിവിധ വാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളും ആര്‍ക്കൊക്കെ, എവിടെയാണ് എത്ര പണം നല്‍കേണ്ടതെന്നതിനെക്കുറിച്ചും കോഡ് വാക്കുകള്‍ ഉപയോഗിച്ച് അവര്‍ ചര്‍ച്ച ചെയ്തതായി പൊലീസ് അവകാശപ്പെട്ടു.

സംഭവത്തില്‍ അജിത്തും പിടിയിലായിട്ടുണ്ട്. പ്രാഥമിക വിവരമനുസരിച്ച്, ഇരുവരും ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരാണ്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡല്‍ഹി പൊലീസ് സിഡിപി രവി കുമാര്‍ സിംഗ് പറഞ്ഞു.

പണം തന്റേതാണെന്നും ഒരു വീട് വില്‍പ്പനയുമായി ബന്ധപ്പെട്ടതാണെന്നും ഗൗരവ് പറയുന്നു. എന്റെ വീട് വിറ്റ് മറ്റൊന്ന് വാങ്ങി. ഈ പണം അതുമായി ബന്ധപ്പെട്ടതാണ്. എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നും ഗൗരവ് വ്യക്തമാക്കി.

More Stories from this section

family-dental
witywide