
ന്യൂഡല്‍ഹി : ഡല്‍ഹിയെ സുരക്ഷിതമാക്കുകയാണ് തന്റെ മുന്‍ഗണനയെന്ന് നിയുക്ത മുഖ്യമന്ത്രി രേഖാ ഗുപ്ത. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിക്ക് പുതിയ മുഖഛായ നല്‍കുമെന്നും അവര്‍ പറഞ്ഞു.
ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും ജനങ്ങള്‍ നല്‍കിയ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ജനങ്ങളുടെ പിന്തുണ ഇനിയും തുടരണമെന്നും അവര്‍ പ്രതികരിച്ചു.
ഹരിയാനയില്‍ ജനിച്ച രേഖ ഗുപ്ത, എബിവിപിയുടെ തീപ്പൊരി നേതാവായിരുന്നു. രാംലീല മൈതാനത്ത് ഉച്ചയ്ക്ക് 12നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഒപ്പം പര്‍വേഷ് വര്‍മ, ആഷിഷ് സൂദ്, മഞ്ചീന്ദര്‍ സിങ്, രവീന്ദ്ര ഇന്ദാര്‍ജ് സിങ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിങ്, എന്നിവരും മന്ത്രിമാരായി ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യും.
26 വര്‍ഷത്തിനുശേഷം ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്ന ബിജെപി പ്രശസ്തമായ രാംലീല മൈതാനിയില്‍ ഒരു ഗംഭീര ചടങ്ങാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സക്‌സേന എന്നിവര്‍ക്കു പുറമെ 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും, ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ, 50-ലധികം സിനിമാതാരങ്ങളും വ്യവസായികളും പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി കൈലാഷ് ഖേര്‍ അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ സംഗീത പരിപാടി ഉണ്ടായിരിക്കും. മാത്രമല്ല, പരിപാടി കളറാക്കാന്‍ പ്രധാന രാജ്യങ്ങളിലെ നയതന്ത്രജ്ഞരെയും ക്ഷണിച്ചിട്ടുണ്ട്.
രാജ്യത്തെ ആത്മീയ നേതാക്കളായ ബാബാ രാംദേവ്, സ്വാമി ചിദാനന്ദ, ബാബ ബാഗേശ്വര്‍ ധീരേന്ദ്ര ശാസ്ത്രി, മറ്റ് മതനേതാക്കള്‍ എന്നിവരും എത്തിച്ചേരും. ഡല്‍ഹിയിലെ കര്‍ഷകര്‍ക്കും ചേരിനിവാസികള്‍ക്കും ക്ഷണമുണ്ട്.
ഈ മാസം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, 70 സീറ്റുകളില്‍ 48 എണ്ണം നേടി ബിജെപി വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയെ 22 സീറ്റിലേക്ക് ഒതുക്കിയായിരുന്നു ബിജെപിയുടെ വരവ്.