ഡല്‍ഹി മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; സത്യപ്രതിജ്ഞ നാളെ രാംലീല മൈതാനിയില്‍, തലസ്ഥാനത്ത് ഒരുക്കങ്ങള്‍ തകൃതി, 30,000 അതിഥികളെത്തും

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ടിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടി ഡല്‍ഹിയില്‍ അധികാരത്തിലേക്കെത്തുന്ന ബിജെപി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് ബിജെപി നിയമസഭാ കക്ഷി യോഗം ചേരും. തിരഞ്ഞെടുക്കപ്പെട്ട 48 എംഎല്‍എമാര്‍ പങ്കെടുക്കും.

ബുധനാഴ്ച രാവിലെ നടന്ന പ്രധാന യോഗത്തില്‍, ഡല്‍ഹിയിലെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. ഡല്‍ഹിയിലെ പണ്ഡിറ്റ് പന്ത് മാര്‍ഗിലുള്ള ബിജെപി ഓഫീസില്‍ വൈകുന്നേരം 6 മണിക്ക് യോഗത്തിനായി എത്താന്‍ എംഎല്‍എമാര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. യോഗത്തിന് തൊട്ടുപിന്നാലെ, പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സിലേക്കും അമേരിക്കയിലേക്കുമുള്ള യാത്ര കാരണം മുഖ്യമന്ത്രി തിരഞ്ഞെടുക്കുന്നത് വൈകിയിരുന്നു. നാളെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. അതിനാല്‍ ഇന്നുതന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. നാളെ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഗംഭീരമായ ചടങ്ങില്‍ 12.05 ഓടെയാകും സത്യപ്രതിജ്ഞ നടക്കുക.

രാംലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിജെപി ഏകദേശം 30,000 അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. പ്രധാന ആര്‍എസ്എസ് നേതാക്കളും ആത്മീയ ധര്‍മ്മ ഗുരുക്കന്മാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ നിന്നുള്ള കര്‍ഷകര്‍ക്കൊപ്പം വ്യവസായികളും സെലിബ്രിറ്റികളും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ചടങ്ങിനായി പ്രധാനമായും മൂന്ന് വേദികളാണ് ഒരുക്കുന്നത്. ആദ്യത്തേത്
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന, പുതിയ മുഖ്യമന്ത്രി എന്നിവര്‍ക്കായുള്ളതാണ്. ക്ഷണിക്കപ്പെട്ട മതനേതാക്കള്‍ക്കായാണ് രണ്ടാമത്തേത്. ബിജെപിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നുമുള്ള 200 ലധികം എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വേണ്ടിയുള്ളതായിരിക്കും മൂന്നാമത്തെ വേദി.

മുന്‍ മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കെജ്രിവാളിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.കൂടാതെ കോണ്‍ഗ്രസ് ഡല്‍ഹി യൂണിറ്റ് മേധാവി ദേവേന്ദര്‍ യാദവിനും ക്ഷണമുണ്ട്.

More Stories from this section

family-dental
witywide