
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ടിനുശേഷം ഡല്‍ഹി പിടിച്ചെടുത്ത ബിജെപി ഇനിയും ജല്‍ഹി മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല. സാധ്യതയുള്ളവരുടെ പേരിലുള്ള ചര്‍ച്ചകളും കൊഴുക്കുകയാണ്. അതിനിടെ ഫെബ്രുവരി 19 ന് ഡല്‍ഹി മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി 20 ന് നടക്കുമെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച 48 ബിജെപി നിയമസഭാംഗങ്ങളില്‍ 15 പേരുടെ പേരുകള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും മുഖ്യമന്ത്രി, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, സ്പീക്കര്‍ എന്നിങ്ങനെയുള്ള പ്രധാന പദവികള്‍ക്കായി ഒമ്പത് പേരെ തിരഞ്ഞെടുക്കുമെന്നും ബിജെപി വൃത്തങ്ങളില്‍ നിന്നും സൂചനകള്‍ പുറത്തുവരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍ നിന്ന് മടങ്ങിയതിനുശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മോദി മടങ്ങിയെത്തിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനായിട്ടില്ല.
27 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയത് വന്‍ ആഘോഷമാക്കുന്ന രീതിയിലയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 70 അംഗ ശക്തമായ നിയമസഭയില്‍ 48 സീറ്റുകള്‍ നേടിയ ബിജെപി ഭരണപക്ഷമായിരുന്ന ആംആദ്മിയെ 22 സീറ്റിലൊതുക്കി പ്രതിപക്ഷത്തിരുത്തി.