ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. പുലര്‍ച്ചെ മുതല്‍ പോളിംഗ് ബൂത്തുകള്‍ക്ക് പുറത്ത് വോട്ടര്‍മാരുടെ നീണ്ട നിറരയുണ്ടായിരുന്നു. 7 മണിയോടെ ആരംഭിച്ച വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ രാഷ്ട്രപതി ദ്രൗപതി മുര്‍മു, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന തുടങ്ങിയ പ്രമുഖരും വോട്ടവകാശം വിനിയോഗിച്ചു. എട്ടാം തിയതിയാണ് വോട്ടെണ്ണൽ.
ഡല്‍ഹി പ്രസിഡന്റ് എസ്റ്റേറ്റിലെ ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലാണ് പ്രസിഡന്റ് ദ്രൗപതി മുര്‍മു വോട്ട് രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധി നിര്‍മ്മന്‍ ഭവനിലെ പോളിംഗ് ബൂത്തിലായിരുന്നു വോട്ടുചെയ്യാനെത്തിയത്. ഡല്‍ഹി രാജ് നിവാസ് മാര്‍ഗിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ സജ്ജീകരിച്ച പോളിംഗ് ബൂത്തിലാണ് ഗവര്‍ണര്‍ വികെ സക്സേനയും ഭാര്യയും വോട്ട് ചെയ്തത്.
കേന്ദ്ര മന്ത്രിമാരായ ജയ്ശങ്കര്‍, ഹര്‍ദീപ് സിംഗ് പുരി എന്നിവരും ആദ്യം തന്നെ വോട്ട് ചെയ്തു. ഡല്‍ഹിയിലെ എന്‍ഡിഎംസി സ്‌കൂള്‍ ഓഫ് സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസിലെ തുഗ്ലക്ക് ക്രസന്റിലുള്ള പോളിംഗ് ബൂത്തില്ലാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഭാര്യയും വോട്ട് ചെയ്തത്.ഡല്‍ഹി മുഖ്യമന്ത്രിയും എഎപി സ്ഥാനാര്‍ത്ഥിയുമായ അതിഷി മർലേന, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോഡിയ, ഗോപാല്‍ റായ്, സൗരഭ് ഭരദ്വാജ് തുടങ്ങിയവരും വോട്ടവകാശം വിനിയോഗിച്ചു.